Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് ആശുപത്രി കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ക്ക് തുടക്കം; പ്രതീക്ഷയോടെ നാട്
24/12/2021
വൈക്കം താലൂക്ക് ആസ്പത്രിയില്‍ 1.20 ലക്ഷം ചതുരശ്ര അടി വിസ്താരത്തില്‍ നിര്‍മിക്കുന്ന ബഹുനില കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.

വൈക്കം:  വൈക്കംനിവാസികളുടെ ചിരകാല സ്വപ്നമായ താലൂക്ക് ആശുപത്രിയുടെ നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി. അഞ്ചു നിലകളിലായി 1.20 ലക്ഷം ചതുരശ്ര അടി വിസ്താരത്തില്‍ പണിയുന്ന പുതിയ താലൂക്ക് ആശുപത്രി കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണ ഉദ്ഘാടനം സി.കെ ആശ എംഎല്‍എ നിര്‍വഹിച്ചു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 86 കോടി രൂപ ചെലവഴിച്ചാണ് ആശുപത്രിക്കു പുതിയ ബഹുനില മന്ദിരം നിര്‍മിക്കുന്നത്. കഴിഞ്ഞ ജനുവരി 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയുടെ ശിലാസ്ഥാപനം നടത്തിയിരുന്നു. പതിറ്റാണ്ടുകളായി നിരവധി പരാധീനതകള്‍ക്കു നടുവില്‍ നില്‍ക്കുന്ന ആശുപത്രിയുടെ വികസന പ്രവൃത്തികള്‍ക്കാണ് ഇതോടെ തുടക്കം കുറിച്ചിരിക്കുന്നത്. കാലപ്പഴക്കത്താല്‍ ശോച്യാവസ്ഥയിലായ കെട്ടിടങ്ങളും അടിയന്തിരഘട്ടങ്ങളില്‍ ഏര്‍പ്പെടുത്തേണ്ട ജീവന്‍രക്ഷാ സംവിധാനങ്ങളുടെയും മറ്റും പോരായ്മകളാല്‍ വെല്ലുവിളി നേരിട്ടിരുന്ന താലൂക്ക് ആശുപത്രിയിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് എം.എല്‍.എ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബജറ്റില്‍ ധനമന്ത്രി ആശുപത്രിയ്ക്ക് പുതിയ കെട്ടിട സമുച്ചയം അനുവദിച്ചത്. തുടര്‍ന്ന് രൂപരേഖ തയ്യാറാക്കി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഹൗസിങ് ബോര്‍ഡിനെ ചുമതലപ്പെടുത്തുകയായിരുന്നു.
കിഫ്ബിയില്‍ നിന്നും 42 കോടി രൂപ മുടക്കിയാണ് പുതിയ ആശുപത്രി കെട്ടിടസമുച്ചയം പണിയുന്നത്. ഇതോടൊപ്പം 44 കോടി രൂപയുടെ ആശുപത്രി ഉപകരണങ്ങളും വാങ്ങും. താലൂക്ക് ആശുപത്രിയില്‍ ദീര്‍ഘകാലമായി ജീര്‍ണാവസ്ഥയില്‍ നില നിന്നിരുന്ന കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയ സ്ഥലത്താണ് പുതിയ കെട്ടിടം ഉയരുന്നത്. പഴയ ഒ.പി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം നിലനിര്‍ത്തി നവീകരിക്കും. ഒ.പി, കാഷ്യാലിറ്റി, സ്പെഷ്യല്‍ ഒ.പി, സര്‍ജറി, ഓര്‍ത്തോ, ഇഎന്‍ടി, നേത്ര വിഭാഗം, സ്‌കിന്‍, ജനറല്‍ മെഡിസിന്‍, ആധുനിക രീതിയുള്ള ഓപ്പറേഷന്‍ തിയേറ്റര്‍, സൈക്ക്യാട്രി തുടങ്ങിയ വിഭാഗങ്ങളാണ് ഒരു കെട്ടിടത്തില്‍ വിപുലമായ സൗകര്യങ്ങളോടെ ക്രമീകരിക്കുന്നത്. രണ്ടു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ആശുപത്രിയുടെ പടിഞ്ഞാറ് ഭാഗത്തായി വേമ്പനാട്ട് കായലിനോടു ചേര്‍ന്ന് വാക് വേ നിര്‍മിക്കും. സികെ ആശ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം ഇറിഗേഷന്‍ വിഭാഗം ഇതിനായി രൂപരേഖ തയാറാക്കിയിട്ടുണ്ട്. ഡിടിപിസിയാണ് വാക് വേയുടെ നിര്‍മാണം നടത്തുന്നത്.
നിര്‍മാണോദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് അധ്യക്ഷത വഹിച്ചു. ആര്‍.എം.ഒ എസ് കെ ഷീബ, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, ഹൗസിങ് ബോര്‍ഡ് എക്‌സി. എഞ്ചിനീയര്‍ കെ ശ്രീലത, അസി. എഞ്ചിനിയര്‍ റംസാദ് ബഷീര്‍, നഗരസഭ മുന്‍ ചെയര്‍മാന്‍മാരായ എന്‍ അനില്‍ ബിശ്വാസ്, പി ശശിധരന്‍, ഹെഡ് ക്ലര്‍ക്ക് യു സുരേഷ് ബാബു, നഴ്‌സിങ് സൂപ്രണ്ട് ഒ.വി നജ്ന, വി.എസ് ശ്രീദേവി, പി.ജി അമ്പിളി, നഗരസഭാ കൗണ്‍സിലര്‍മാര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.