Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിരക്കിനിടയിലും വീട്ടുവളപ്പിലെ കൃഷി പരിപാലനത്തിന് മന്ത്രി എത്തി
22/12/2021
വൈക്കം തെക്കേനടയിലെ കെ.വി കനാലിനു സമീപത്തെ കൃഷിയിടത്തില്‍ മന്ത്രി പി രാജീവ് നടത്തിയ കൃഷിയുടെ വിളവെടുപ്പ് സി.കെ ആശ എംഎല്‍എയ്ക്ക് പച്ചക്കറികള്‍ കൈമാറി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പൊതുജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും തന്റെ കൃഷിയെ പരിപാലിക്കാനായി സമയം കണ്ടെത്തി ഓടിയെത്തി സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ചൊവ്വാഴ്ച ജില്ലയിലെ വിവിധ പരിപാടികള്‍ക്കിടയില്‍ കൃഷി പരിപാലിക്കുന്നതിനും വിളവെടുപ്പിനുമായാണ് മന്ത്രി വൈക്കത്തെ കൃഷിയിടത്തില്‍ എത്തിയത്. എറണാകുളത്താണ് സ്ഥിരതാമസമെങ്കിലും മന്ത്രിയായതിനു ശേഷവും വൈക്കം തോട്ടുവക്കത്തെ കെ.വി കനാല്‍ക്കരയിലെ ഹൃദ്യ ഹരിതത്തില്‍ രണ്ടേക്കറോളം വരുന്ന കൃഷി വളപ്പില്‍ ആഴ്ചയിലൊരിക്കലെങ്കിലും അദ്ദേഹം കുടുംബസമേതം എത്തും. കുസാറ്റില്‍ പ്രൊഫസറായ ഭാര്യ വാണികേസരിയുടെ വൈക്കത്തെ രണ്ടേക്കറോളം വരുന്ന വളപ്പില്‍ പി രാജീവിനു സമ്മിശ്ര കൃഷിയുണ്ട്. പച്ചക്കറിയും കിഴങ്ങുവര്‍ഗങ്ങളും ചോളമടക്കം ഇവിടെ കൃഷി ചെയ്യുന്നുണ്ട്. കൃഷിക്കു വളമേകാന്‍ പശു, ആട് ഫാമുകളുണ്ട്. വിഷമയമില്ലാത്ത മത്സ്യം ലഭിക്കാന്‍ പുരയിടത്തിനു നടുവിലെ കുളത്തില്‍ മല്‍സ്യ കൃഷിയുമുണ്ട്. ഒരു കുടുംബത്തിനാവശ്യമായതൊക്കെ പരമാവധി ആ വീട്ടുവളപ്പില്‍ തന്നെ ഉല്‍പാദിപ്പിക്കണമെന്നാണ് മന്ത്രിയുടെ പക്ഷം. വൈക്കത്തെ വീട്ടിലെ ജൈവകൃഷിയുടേയും മത്സ്യ കൃഷിയുടേയും വിജയത്തിനു പിന്നില്‍ ഭാര്യ വാണികേസരിയുടെയും മക്കളായ ഹൃദ്യയുടേയും ഹരിതയുടേയും സജീവ പങ്കാളിത്തമുണ്ട്. കൃഷിയുടെ വിളവെടുപ്പ് മന്ത്രി പച്ചക്കറികള്‍ സി.കെ ആശ എംഎല്‍എയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. കയര്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍, കൃഷി ഓഫീസര്‍ മെയ്‌സണ്‍ മുരളി, പി ശശിധരന്‍, എം സുജിന്‍ എന്നിവര്‍ പങ്കെടുത്തു.