Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശ്വാസ പെരുമയില്‍ വിളക്കുമാട തുരുത്ത്
06/04/2016
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ ടി.വി പുരം പഞ്ചായത്തിലെ വിളക്കുമാടം സന്ദര്‍ശിക്കുന്നു

കര്‍ക്കിടക മാസത്തില്‍ ഏറെ വിശ്വാസ പെരുമയുള്ളതാണ് ടി.വി.പുരം പഞ്ചായത്തിലെ വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പുകളില്‍ സ്ഥിതിചെയ്യുന്ന വിളക്കുമാട തുരുത്ത്. ചരിത്രമുറങ്ങുന്ന ഈ തുരുത്തിനെ ഇന്ന് ആര്‍ക്കും വേണ്ട. എന്നാല്‍ ഇന്നലെ ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലിന്റെ വിളക്കുമാട സന്ദര്‍ശനം ഏറെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. ടൂറിസം സാധ്യതകള്‍ ഏറെയുള്ള തുരുത്തിനെ പ്രയോജനപ്പെടുത്തുവാന്‍ കാലങ്ങളായി ടി.വി പുരം പഞ്ചായത്തിന് സാധിക്കാതെ വരുന്നു. ഈ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് മുന്‍കയ്യെടുത്ത് നല്ലൊരു തുടക്കമിട്ടാല്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിനും ടി.വി പുരം പഞ്ചായത്തിനുമെല്ലാം വലിയ പ്രയോജനമായിരിക്കും ഉണ്ടാകാന്‍ പോകുന്നത്. ഇവിടെ കൂടുതല്‍ ഉണരേണ്ടത് വികസന മുരടിപ്പു നേരിടുന്ന ടി.വി.പുരം പഞ്ചായത്താണ്. ദേവസ്വം ബോര്‍ഡ് ഇതിനൊരു തുടക്കമിട്ടാല്‍ കുമരകം പഞ്ചായത്ത് കൈവരിക്കുന്ന രീതിയില്‍ ടൂറിസം മേഖലയില്‍ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കാന്‍ സാധിക്കും. എന്നാല്‍ നിയോജക മണ്ഡലം നേരിട്ടുകൊണ്ടിരിക്കുന്ന വികസന ദാരിദ്രത്തില്‍ കഥകള്‍ ഉറങ്ങുന്ന ഈ വിളക്കുമാടവും പെട്ടുപോയിരിക്കുകയാണ്. ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ഈ ദ്വീപ് ചുററും കല്ലുകെട്ടി വിശ്രമിക്കാന്‍ ചാരുബഞ്ചുകളും സോളാര്‍ ലൈററുകളും സ്ഥാപിച്ചാല്‍ ജലടൂറിസത്തില്‍ പുതിയ അധ്യായത്തിനു തുടക്കംകുറിയ്ക്കാന്‍ കഴിയും. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതു സംബന്ധിച്ച് ജലസേചന വകുപ്പ് മന്ത്രിയ്ക്ക് നിവേദനങ്ങള്‍ നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിയുടെ നിര്‍ദേശപ്രകാരം വകുപ്പ് അസി. എന്‍ജിനീയര്‍ ഏകദേശം 35 ലക്ഷം രൂപയുടെ എസ്റ്റിമേററ് തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെയായി ഇതിന്റെ തുടര്‍നടപടികള്‍ കടലാസില്‍ ഉറങ്ങുകയാണ്. രാജഭരണകാലത്ത് കൊച്ചി, ആലപ്പുഴ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന കോവുവള്ളങ്ങള്‍ക്കും, ജലയാനങ്ങള്‍ക്കും വഴിയറിയാനും വിശ്രമിക്കാനുമാണ് വിളക്കുമാടം സ്ഥാപിച്ചത്. ടി.വി.പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിനു പുറകുവശത്ത് വേമ്പനാട്ടുകായലില്‍ സ്ഥിതിചെയ്യുന്ന 12 സെന്റോളം വരുന്ന ഒരു കൊച്ചു ദ്വീപാണ് വിളക്കുമാടമെന്ന് അറിയപ്പെടുന്നത്. മഴയിലും കാററിലും ഇതുവഴിവരുന്ന ജലയാനയാത്രക്കാര്‍ക്കും മററും വിശ്രമിക്കുന്നതിനായി ഒററ മുറിയുള്ള ഒരു കെട്ടിടവും, തേക്കു തൂണിലുള്ള വിളക്കുമരവും ഉണ്ടായിരുന്നു. വിളക്കുമരത്തില്‍ നിത്യേന മണ്ണെണ്ണയൊഴിച്ച് വിളക്കും തെളിച്ചിരുന്നു. വിളക്കു തെളിയിക്കുന്നതിന് ജീവനക്കാരേയും ഇതിനുവേണ്ട മണ്ണെണ്ണയും സര്‍ക്കാരില്‍ നിന്നും അനുവദിച്ചിരുന്നു. ഇന്ന് അതെല്ലാം പഴങ്കഥകളാണ്. വിളക്കുമാടത്തിന്റേയും വിളക്കുമരത്തിന്റേയും ചില അവശിഷ്ടങ്ങള്‍ മാത്രമാണ് ഇന്ന് അവിടെയുള്ളത്. കര്‍ക്കിടക വാവുബലിതര്‍പ്പണത്തിന്റെ സമയങ്ങളില്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ ഐതീഹ്യത്തില്‍ വിളക്കുമാടവും സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ ചരിത്രസ്മാരകങ്ങളെ സംരക്ഷിക്കുമെന്ന് വീമ്പിളക്കുന്നവര്‍ക്ക് കഴിയുന്നില്ലെന്നതാണ് വാസ്തവം.