Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം-വെച്ചൂര്‍ റോഡ് സഞ്ചാരയോഗ്യമാക്കി എല്‍ഡിഎഫ്
12/12/2021
കുണ്ടും കുഴിയുമായി കിടന്ന വൈക്കം-വെച്ചൂര്‍ റോഡ് എല്‍ഡിഎഫ് നേതൃത്വത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കുന്നു.

വൈക്കം: എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍, കുണ്ടും കുഴിയുമായി കിടന്ന വൈക്കം-വെച്ചൂര്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കി. എല്‍ഡിഎഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സമാഹരിച്ച സാധനസാമഗ്രികള്‍ ഉപയോഗിച്ചാണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്. വൈക്കം-വെച്ചൂര്‍ റോഡിലെ ചേരുംചുവട് പാലം ജങ്ഷന്‍ മുതല്‍ റോഡിലെ പ്രധാന കവലകളും വളവുകളുമടക്കം തകര്‍ന്ന് റോഡ് യാത്രക്കാര്‍ക്ക് വളരെ അപകട ഭീഷണിയായ സാഹചര്യത്തിലാണ് നവീകരിച്ചത്. റോഡിന്റെ  പല ഭാഗങ്ങളിലും വലിയ കുഴികള്‍ രൂപപ്പെട്ട് കാല്‍നട പോലും ദുഷ്‌കരമായിരുന്നു. കനത്ത മഴയില്‍ തകര്‍ന്ന റോഡിന്റെ അറ്റകുറ്റ പണികള്‍ക്കായി കിഫ്ബിയില്‍ നിന്നും 23 ലക്ഷം രൂപ അനുവദിച്ച് ടെണ്ടര്‍ ചെയ്‌തെങ്കിലും കരാര്‍  ഏറ്റെടുക്കാന്‍ ആരും മുന്നോട്ടു വരാത്ത സാഹചര്യത്തിലാണ് എല്‍ഡിഎഫ് നേതൃത്വം മുന്‍കയ്യെടുത്ത് അറ്റകുറ്റപ്പണികള്‍ നടത്തിയത്. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പകലുമായാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. സി.കെ ആശ എംഎല്‍എ, എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പി സുഗതന്‍, സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി  ബാബുരാജ്, സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.കെ ഗണേശന്‍, ഏരിയാ സെക്രട്ടറി കെ അരുണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് പി.എസ് പുഷ്കരൻ, കെ.കെ ചന്ദ്രബാബു, കെ രാധാകൃഷ്ണൻ നായർ, പി.എസ് മുരളീധരൻ, എൻ സുരേഷ് കുമാർ, ജോസ് സൈമൺ, വിനോബാജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി തലയാഴം, വെച്ചൂര്‍  പഞ്ചായത്തിലെ മുഴുവന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും സജീവമായി രംഗത്തിറങ്ങി. റോഡ് നവീകരിക്കുന്നതിനും കൂടുതല്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുമായി പുതുക്കിയ എസ്റ്റിമേറ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചതായും തുക അനുവദിക്കുന്ന മുറയ്ക്ക് പൂര്‍ണതോതില്‍ റോഡിന്റെ പണികള്‍ പൂര്‍ത്തിയാക്കുമെന്നും സി.കെ ആശ എംഎല്‍എ അറിയിച്ചു.