Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വീട്ടമ്മമാര്‍ക്ക് നിര്‍ണായക പങ്ക്: സി.കെ ആശ എംഎല്‍എ
11/12/2021
വൈക്കത്ത് സംഘടിപ്പിച്ച ഊര്‍ജകിരണ്‍ ശില്‍പശാല സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പ്രകൃതിയിലെ വിഭവങ്ങള്‍ വിവേകത്തോടെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ തലമുറകളോളം അനുഭവിക്കേണ്ടിവരുമെന്ന സന്ദേശമാണ് കാലാവസ്ഥാ വ്യതിയാനവും അതിന്റെ ദുരന്തങ്ങളും നമ്മെ പഠിപ്പിക്കുന്നതെന്ന് സി.കെ ആശ എം.എല്‍.എ. സംസ്ഥാന എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി, സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വൈക്കത്ത് സംഘടിപ്പിച്ച ഊര്‍ജകിരണ്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വീട്ടമ്മ മാര്‍ക്ക് നിര്‍ണായക പങ്കു വഹിക്കാനാകുമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. വൈക്കം നിയോജക മണ്ഡലത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുമുള്ള അയല്‍ക്കൂട്ട അംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി വെല്‍ഫെയര്‍ സര്‍വീസസ് എറണാകുളത്തിന്റെയും (സഹൃദയ) വൈക്കം ജനമൈത്രി പോലീസിന്റെയും നേതൃത്വത്തിലാണ് ശില്‍പശാല സംഘടിപ്പിച്ചത്. വെല്‍ഫെയര്‍ സെന്റര്‍ ഹാളില്‍ സഹൃദയ എക്‌സി. ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സഹൃദയ സംഘങ്ങള്‍ വഴി പ്രഷര്‍ കുക്കറുകള്‍, സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍, ബയോഗ്യാസ് പ്ലാന്റുകള്‍ തുടങ്ങിയവ തവണവ്യവസ്ഥയില്‍ അംഗങ്ങള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. സെമിനാറിന് ആമുഖമായി നടത്തിയ ഊര്‍ജ സംരക്ഷണ സിഗ്‌നേച്ചര്‍ കാംപയിനും എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഊര്‍ജ സംരക്ഷണറാലിയുടെ ഫ്‌ളാഗ് ഓഫ് കര്‍മം വൈക്കം ജനമൈത്രി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അജ്മല്‍ ഹുസൈന്‍ നിര്‍വഹിച്ചു. വൈക്കം പോലീസ് സ്റ്റേഷന്‍ പി.ആര്‍.ഒ ടി.ആര്‍ മോഹനന്‍, ജീന തോമസ്, രജനി സതീശന്‍, സഹൃദയ എനര്‍ജി വിഭാഗം മാനേജര്‍ ജീസ് പി പോള്‍, സഹൃദയ കോ-ഓര്‍ഡിനേറ്റര്‍ ബീന മാര്‍ട്ടിന്‍ എന്നിവര്‍ പ്രസംഗിച്ചു. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍ റജി ജയിംസ് ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി.