Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതീക്ഷകള്‍ തളിര്‍ക്കുന്നു; അക്കരപ്പാടം, മൂലേക്കടവ് പാലങ്ങള്‍ ടെണ്ടര്‍ ചെയ്തു
09/12/2021
ഉദയനാപുരം പഞ്ചായത്തിലെ നാനാടം കൂട്ടുങ്കല്‍, അക്കരപ്പാടം പ്രദേശങ്ങളെ ബന്ധിപ്പിച്ചുള്ള കടത്ത്.

വൈക്കം: നാട് പ്രതീക്ഷയോടെ കാത്തിരുന്ന അക്കരപ്പാടം, മൂലേക്കടവ് പാലങ്ങളുടെ നിര്‍മാണത്തിന് ടെണ്ടര്‍ നടപടികളായതായി സി.കെ ആശ എംഎല്‍എ അറിയിച്ചു. ചെമ്പ്, മറവന്‍തുരുത്ത് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മൂലേക്കടവ് പാലം, ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടം പാലം എന്നിവയാണ് ടെണ്ടര്‍ ചെയ്തത്. നിരവധി സാങ്കേതിക തടസങ്ങള്‍ മറികടന്നാണ് ഇരുപാലങ്ങളും ടെണ്ടര്‍ ഘട്ടത്തില്‍ എത്തിയത്. അക്കരപ്പാടം പാലത്തിന് 14 കോടി രൂപയും മൂലേക്കടവ് പാലത്തിന് 17 കോടി രൂപയുമാണ് കിഫ്ബി അനുവദിച്ചിരിക്കുന്നത്.
ചെമ്പ് പഞ്ചായത്തിലെ ഏനാദിയെയും മറവന്‍തുരുത്ത് പഞ്ചായത്തിലെ മൂലേക്കടവിനെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് പാലം നിര്‍മിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിലവില്‍ ചെമ്പ് പഞ്ചായത്തിലെ എട്ട്, ഒന്‍പത് വാര്‍ഡുകളിലെ ജനങ്ങള്‍ കിലോമീറ്ററുകളോളം ചുറ്റിയാണ് വിവിധ ആവശ്യങ്ങള്‍ക്കായി വൈക്കത്തേക്ക് എത്തുന്നത്. ആയിരക്കണക്കിനു ജനങ്ങള്‍ക്ക് യാത്രാസൗകര്യം ലഭ്യമാക്കുന്നതിന് സി.കെ ആശ മുന്‍കയ്യെടുത്താണ് സര്‍ക്കാര്‍ ബജറ്റില്‍ തുക അനുവദിപ്പിച്ചത്. പാലം യാഥാര്‍ഥ്യമാകുന്നതോടെ ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതി വരും.
ഉദയനാപുരം പഞ്ചായത്തിലെ നാനാടം കൂട്ടുങ്കല്‍, അക്കരപ്പാടം പ്രദേശങ്ങളെ ബന്ധിപ്പിച്ച് മൂവാറ്റുപുഴയാറിന്  കുറുകെയാണ് അക്കരപ്പാടം പാലം നിര്‍മിക്കുന്നത്. അക്കരപ്പാടത്തേക്ക് പാലം വേണമെന്ന പ്രദേശവാസികളുടെ മുറവിളിയ്ക്ക് അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. പുറംലോകവുമായി ബന്ധപ്പെടാന്‍ നാനാടത്ത് എത്താന്‍ കടത്തുവള്ളത്തെ പ്രധാനമായും ആശ്രയിക്കുന്ന അക്കരപ്പാടം നിവാസികള്‍ക്ക് റോഡുമാര്‍ഗം പോകണമെങ്കില്‍ ചെമ്മനാകരിയിലൂടെ ഏഴുകിലോമീറ്ററോളം ചുറ്റി സഞ്ചരിക്കണം. പാലമെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നതോടെ ഇതിനെല്ലാമാണ് അറുതി വരുന്നത്. എത്രയും വേഗം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇരുപാലങ്ങളുടെയുംനിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് സി.കെ.ആശ എം.എല്‍.എ അറിയിച്ചു.