Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തേക്ക് കെ.എസ്.എഫ്.ഡി.സിയുടെ മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍ എത്തുന്നു
29/11/2021

വൈക്കം: കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ വൈക്കത്ത് രണ്ട് സിനിമ തീയേറ്ററുകള്‍ അടങ്ങുന്ന മള്‍ട്ടിപ്ലക്‌സ് നിര്‍മിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഡിസംബര്‍ ആദ്യവാരത്തില്‍ തീയേറ്ററുകളുടെ ശിലാസ്ഥാപനം നടത്തുമെന്ന് കെ.എസ്.എഫ്.ഡി.സി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഒ.വി തഥേവൂസും, ഫിനാന്‍സ് മാനേജര്‍ ജി വിദ്യയും അറിയിച്ചു. നഗരസഭാ ഒന്‍പതാം വാര്‍ഡില്‍പെട്ട കിഴക്കന്‍ മേഖലയിലാണ് നഗരസഭയുടെ അധികാരത്തിലുള്ള സ്ഥലത്ത് തിയേറ്റര്‍ നിര്‍മ്മിക്കുന്നത്. വികസനകാര്യത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന മേഖലയാണിത്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്താണ് തീയറ്റര്‍ നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കായലോര ബീച്ചിന്റെ വികസനത്തിന്റെ ഭാഗമായി സമീപത്തുള്ള 40 സെന്റ് സ്ഥലത്താണ് തീയറ്റര്‍ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സ്ഥലം കൈമാറുന്നതിനുള്ള സമ്മതപത്രം സി.കെ ആശ എംഎല്‍എയും അന്നത്തെ നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസും ചേര്‍ന്ന് തിരുവനന്തപുരത്തുവച്ച് നടന്ന ചടങ്ങില്‍ സമ്മതപത്രം സമര്‍പ്പിക്കുകയും കരാര്‍ ഒപ്പിടുകയും ചെയ്തിരുന്നു. പിന്നീട് തീരദേശ പരിപാലന നിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ ഉണ്ടായ സാങ്കേതിക തടസ്സം മൂലമാണ് തീയറ്റര്‍ നിര്‍മാണം ആറാട്ടുകുളങ്ങരയിലുള്ള വ്യവസായ എസ്റ്റേറ്റ് കോമ്പൗണ്ടിലേക്ക് മാറ്റിയത്. ഫയര്‍ ഫോഴ്‌സ് ഓഫീസ് പ്രവര്‍ത്തിക്കുന്ന പുരയിടത്തോടുചേര്‍ന്നുള്ള 80 സെന്റ് സ്ഥലമാണ് പാട്ടവ്യവസ്ഥയില്‍ നഗരസഭ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് കൈമാറുന്നത്. പ്രതിവര്‍ഷം 3.60 ലക്ഷം രൂപ നിരക്കില്‍ 30 വര്‍ഷത്തേക്കാണ് നഗരസഭ സ്ഥലം കൈമാറുന്നത്. കിഫ്ബിയുടെ സഹായത്തോടെ 14.75 കോടി രൂപ ചെലവഴിച്ചു തീയറ്റര്‍ സമുച്ചയം നിര്‍മിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടങ്ങാമെന്നുള്ള ലക്ഷ്യത്തോടെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കേരളത്തില്‍ സിനിമ തീയേറ്ററില്ലാത്ത ഏക നഗരസഭയെന്ന പോരായ്മയ്ക്ക് ഇതോടെ പരിഹാരമാകും. 380 സീറ്റാണ് രണ്ടു തിയേറ്ററുകളിലായി ക്രമീകരിക്കുന്നത്. ബെല്‍ജിയത്തില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഏറ്റവും പുതിയ സംവിധാനത്തിലുള്ള ഡിജിറ്റല്‍ പ്രൊജക്ടറാണ് സജ്ജമാക്കുന്നത്. മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍ യാഥാര്‍ഥ്യമാകുന്നതോടെ വൈക്കത്തിന്റെ കിഴക്കന്‍ മേഖലയുടെ മുഖഛായയ്ക്ക് മാറ്റം വരും. തിയേറ്ററിനൊപ്പം അനുബന്ധ തൊഴില്‍ശാലകള്‍ക്കും രൂപം നല്‍കുന്നുണ്ട്. ഫോര്‍ കെ ലെയ്‌സര്‍ പ്രൊജക്ട് ആണ് ഇവിടെ സജ്ജമാക്കുന്നത്. ആധുനിക സംവിധാനത്തോടെയുള്ള സൗണ്ടിങ് സിസ്റ്റവും ഇതില്‍ രൂപപ്പെടും. നഗരസഭാ ഹാളില്‍ കെ.എസ്.എഫ്.ഡി.സി ഭാരവാഹികളുമായി നടന്ന ചര്‍ച്ചയില്‍ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ ലേഖ ശ്രീകുമാര്‍, എസ് ഹരിദാസന്‍ നായര്‍, പ്രീത രാജേഷ്, ബി ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.