Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമിയ്ക്ക് പരിസമാപ്തി; ആറാട്ട് ഭക്തിസാന്ദ്രമായി
29/11/2021
വൈക്കത്തഷ്ടമിയ്ക്ക് സമാപനം കുറിച്ചുകൊണ്ട് ഇരുമ്പൂഴിക്കരയിലെ ആറാട്ടുകുളത്തില്‍ നടന്ന ആറാട്ട്.

വൈക്കം: പതിമൂന്നു രാപകല്‍ ക്ഷേത്രനഗരിയെ ഭക്തിയില്‍ ആറാടിച്ച വൈക്കത്തഷ്ടമിയുടെ സമാപന ചടങ്ങായ ആറാട്ട് ഭക്തിസാന്ദ്രമായി. തന്ത്രിമുഖ്യന്‍മാരായ കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ അനുജ്ഞാപൂജ ചെയ്തു ആറാട്ട് ബലി തൂകിയ ശേഷം കൊടിക്കൂറയില്‍ നിന്നും ചൈതന്യം വൈക്കത്തപ്പന്റെ തങ്കവിഗ്രഹത്തിലേക്ക് ആവാഹിച്ചു. തുടര്‍ന്നുനടന്ന വിശേഷാല്‍ പൂജകള്‍ക്കുശേഷം വൈക്കത്തപ്പനെ അനപ്പുറത്ത് എഴുന്നള്ളിച്ചു. ഗജവീരന്‍ വേമ്പനാട് അര്‍ജുനന്‍ തിടമ്പേറ്റി. ഒരു പ്രദക്ഷിണത്തിന് ശേഷം കൊടിമരച്ചുവടിന് അഭിമുഖമായി നിന്ന് പാര്‍വതിദേവിയോട് യാത്ര ചോദിച്ചു. ദേവിയെ സംരക്ഷിക്കാന്‍ അനുചരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി ആറാട്ടിനായി പുറപ്പെട്ടു. ഉദയനാപുരം ക്ഷേത്രത്തിന്റെ ഗോപുരം കയറി നിന്ന വൈക്കത്തപ്പനെ ആചാരപ്രകാരം ഉദയനാപുരത്തപ്പന്‍ എഴുന്നള്ളി അരിയും പൂവും എറിഞ്ഞു വരവേറ്റു. ഗജവീരന്‍ മുല്ലക്കല്‍ ബാലകൃഷ്ണന്‍ ഉദയനാപുരത്തപ്പന്റെ തിടമ്പേറ്റി. ഉദയനാപുരം ഇരുമ്പൂഴിക്കരയിലെ ആറാട്ട് കുളത്തിലാണ് വൈക്കത്തപ്പന്റെ ആറാട്ട് നടന്നത്. വാദ്യമേളങ്ങളും സായുധ സേനയും അകമ്പടിയായി. ആറാട്ടിനു ശേഷം ഉദയനാപുരം ക്ഷേത്രത്തില്‍ കൂടിപ്പൂജയും നടന്നു. ഉദയനാപുരത്തപ്പന്റെ ശ്രീകോവിലില്‍ വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും തങ്കവിഗ്രഹങ്ങള്‍ ഒരേ പീഠത്തില്‍ വച്ച് പൂജകള്‍ നടത്തുന്ന ചടങ്ങാണ് കൂടിപ്പൂജ. കൂടിപ്പൂജ വിളക്കിനുശേഷം ഉദയനാപുരത്തപ്പനോട് വിട പറഞ്ഞു വൈക്കത്തപ്പന്റെ വൈക്കം ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നള്ളിച്ചു.