Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്തരെ ആനന്ദ നിര്‍വൃതിയിലാക്കി അഷ്ടമി വിളക്ക്
28/11/2021
വൈക്കത്തഷ്ടമി വിളക്കില്‍ പുത്രനായ ഉദയനാപുരത്തപ്പന്‍ പിതാവായ വൈക്കത്തപ്പനോട് യാത്ര ചോദിക്കുന്നു.

വൈക്കം: ആചാരപ്രകാരം നടന്ന അഷ്ടമി വിളക്ക് ഭക്തജനങ്ങളെ ആനന്ദനിര്‍വൃതിയിലാക്കി. അത്താഴപഷ്ണിയുമായി പുത്രനെ പ്രതീക്ഷിച്ചു നിന്ന പിതാവായ വൈക്കത്തപ്പന്‍, അഷ്ടമി നാളിലെ ഒരു പൂജയെങ്കിലും പൂര്‍ത്തിയാക്കണമെന്ന വിചാരത്തോടെ കിഴക്കേ ആനപ്പന്തലിലേക്ക് എഴുന്നള്ളി. ഗജവീരന്‍ ഗുരുവായൂര്‍ ഇന്ദ്ര സെന്‍ തിടമ്പേറ്റി. പതിവിന് വിപരീതമായി ആര്‍ഭാടങ്ങളും വാദ്യമേളങ്ങളും ഇല്ലാതെ എഴുന്നള്ളിപ്പ് കിഴക്കേ ആനപ്പന്തലില്‍ എത്തി. അസുര നിഗ്രഹത്തിനു ശേഷം കൂട്ടുമ്മേല്‍ ഭഗവതിയോടും ശ്രീനാരായണപുരം ദേവന്‍ എന്നിവരോടപ്പം ഉദയനാപുരത്തപ്പന്റെ എഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. ഗജവീരന്‍ തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്‍ ഉദയനാപുരത്തപ്പന്റെ തിടമ്പേറ്റി. കൂട്ടുമ്മേല്‍ ക്ഷേത്രത്തില്‍ ഗജവീരന്‍ മുല്ലയ്ക്കല്‍ ബാലകൃഷ്ണനും, ശ്രീനാരായണപുരത്ത് ഗജവീരന്‍ കാഞ്ഞിരക്കാട്ട് ശേഖരനും, ടി.വി പുരത്ത് ഈരാറ്റുപേട്ട അയ്യപ്പനും തിടമ്പേറ്റി.
മൂത്തേടത്തുകാവ്, കിഴക്കുംകാവ്, പുഴവായികുളങ്ങര, ഇണ്ടംതുരുത്തി എന്നീ ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകള്‍ തെക്കേഗോപുരം വഴി വൈക്കം ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. മൂത്തേടത്ത് കാവില്‍ മീനടം വിനായകനും, പുഴവായി കുളങ്ങരയില്‍ കുളമാക്കില്‍ പാര്‍ത്ഥസാരഥിയും, കിഴക്കുംകാവില്‍ മധുരപ്പുറം കണ്ണനും, ഇണ്ടംതുരുത്തിയില്‍ വേമ്പനാട് അര്‍ജുനനും തിടമ്പേറ്റി. ഇവ വടക്കുഭാഗത്തുവച്ച് ഉദയനാപുരത്തെ എഴുന്നള്ളിപ്പിനൊപ്പം ചേര്‍ന്ന് വൈക്കത്തപ്പന്‍ നില്‍ക്കുന്ന കിഴക്കേ ആനപ്പന്തലിലേക്ക് എഴുന്നള്ളി. വൈക്കത്തപ്പന്റെ സന്നിധിയിലേക്ക് എഴുന്നള്ളിയ ഉദയനാപുരത്തപ്പന് വൈക്കത്തപ്പന്‍ തന്റെ സ്ഥാനം നല്‍കി അനുഗ്രഹിച്ചു. അവകാശിയായ കറുകയില്‍ കുടുംബത്തിലെ കാരണവരായ കിടങ്ങൂര്‍ കൊച്ചു മീത്തില്‍ ഗോപാലന്‍ നായര്‍ വാദ്യമേളങ്ങളോടെ പല്ലക്കിലെത്തി കാണിക്കര്‍പ്പിച്ചു.
എഴുന്നള്ളിപ്പുകളുടെ ഒരു പ്രദക്ഷിണത്തിനു ശേഷം യാത്രയയപ്പ് ആരംഭിച്ചു. ഊഴമനുസരിച്ച് മൂത്തേടത്തുകാവ് ഭഗവതി കൊടിമരച്ചുവട്ടില്‍ വച്ചും പനച്ചിക്കല്‍ നടയില്‍ വച്ചും വൈക്കത്തപ്പനോടും ഉദയനാപുരത്തപ്പനോടും യാത്ര ചോദിച്ച് തെക്കേ ഗോപുരം വഴി പുറത്തിറങ്ങി. അവസാനഘട്ടമായി വടക്കേ ഗോപുരത്തിന് സമീപം നിന്നു വൈക്കത്തപ്പന്‍, ഗോപുരം ഇറങ്ങി പോകുന്ന ഉദയനാപരത്തപ്പന്റെ യാത്ര അടക്കി പിടിച്ച വായ്‌പോടെ നോക്കി നില്‍ക്കുന്ന സമയം ക്ഷേത്രം നിശ്ചലമായി. യാത്രയയപ്പിന് ശേഷം വിട പറയല്‍ ചടങ്ങും നടന്നു. വൈക്കം ഹരിഹരയ്യരും വൈക്കം ഷാജിയും വിഷാദ രാഗം നാദസ്വരത്തില്‍ ആലപിച്ചതോടെ ഭക്തജനങ്ങളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. അഷ്ടമി ദിനത്തിലെ പൂജകള്‍ പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ പള്ളിവേട്ടയും പള്ളി കുറുപ്പും നടന്നു.