Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമിക്ക് ക്ഷേത്രനഗരി ഒരുങ്ങി
26/11/2021

വൈക്കം: ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമിയ്ക്ക് ക്ഷേത്രനഗരി ഒരുങ്ങി. ശനിയാഴ്ച പുലര്‍ച്ചെ 3.30ന് നട തുറന്നു ഉഷപൂജക്കും എതൃത്ത പൂജയ്ക്കും ശേഷം 4.30നാണ് അഷ്ടമി ദര്‍ശനം. ദര്‍ശനത്തിനായി ആയിരങ്ങള്‍ ഒഴുകിയെത്തും. വൈക്കം മഹാദേവ ക്ഷേത്രത്തിലെയും ഉദയനാപുരം ക്ഷേത്രത്തിലെയും പുറമെ മൂത്തേടത്തുകാവ്, കൂടുമ്മേല്‍, ശ്രീനാരായണപുരം, തൃണയംകുടം, ഇണ്ടംതുരുത്തി, പുഴവായി കുളങ്ങര, കിഴക്കുംകാവ് ക്ഷേത്രങ്ങളിലെ കൂടെ എഴുന്നള്ളിപ്പുകള്‍ ക്ഷേത്രത്തില്‍ എത്തുന്നതോടെ അഷ്ടമി വിളക്കായി. രാത്രി ഒന്‍പതോടെയാണ് വൈക്കത്തപ്പന്‍ കിഴക്കേ ആനപ്പന്തലിലേക്ക് എഴുന്നള്ളുന്നത്. ഗുരുവായൂര്‍ ഇന്ദ്ര സെന്‍ എന്ന ഗജവീരനാണ് ഇത്തവണ വൈക്കത്തപ്പന്റെ തിടമ്പേറ്റുന്നത്. വൈക്കത്തപ്പന്റെ സന്നിധിയിലേക്ക് എഴുന്നള്ളുന്ന ഉദയനാപുരത്തപ്പന് വൈക്കത്തപ്പന്‍ തന്റെ സ്ഥാനം നല്‍കി അനുഗ്രഹിക്കും. അവകാശിയായ കറുകയില്‍ കുടുംബത്തിലെ കാരണവരായ കിടങ്ങൂര്‍ കൊച്ചു മീത്തില്‍ ഗോപാലന്‍ നായര്‍ വാദ്യമേളങ്ങളോടെ പല്ലക്കിലെത്തി കാണിക്കര്‍പ്പിക്കുന്നതും അഷ്ടമിയുടെ ചടങ്ങാണ്. ഒരു പ്രദക്ഷിണത്തിനു ശേഷം ഉദയനാപുരത്തപ്പന്‍ വൈക്കത്തപ്പനോട് യാത്ര ചോദിച്ച് പിരിയുന്നു. വടക്കേ ഗോപുരത്തിന് സമീപം നിന്നു വൈക്കത്തപ്പന്‍, ഗോപുരം ഇറങ്ങി പോകുന്ന മകന്റെ യാത്ര അടക്കി പിടിച്ച വായ്‌പോടെ നോക്കി നില്‍ക്കുന്ന സമയം ക്ഷേത്രം നിശ്ചലമാകും. ഈ സമയം ദുഃഖരാഗം നാദസ്വരത്തിലുടെ പുറത്തക്ക് വരും.

അഷ്ടമി ദര്‍ശനം

അഷ്ടമി ദിനമായ ശനിയാഴ്ച ദര്‍ശനത്തിനായി ക്രമീകരണങ്ങളായി. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ കിഴക്ക്, വടക്കേ ഗോപുരങ്ങളിലൂടെ വേണം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍. ബലിക്കല്‍ പുരയിലുടെ നാലമ്പലത്തില്‍ പ്രവേശിക്കുന്ന ഭക്തജനങ്ങള്‍ ദര്‍ശനത്തിനു ശേഷം വടക്ക് ഭാഗത്തുകൂടി ഇറങ്ങി തെക്കുപടിഞ്ഞാറെ ഗോപുരം വഴി പുറത്തു പോകണം. ക്ഷേത്രത്തില്‍ തങ്ങാന്‍ ആരെയും അനുവദിക്കില്ല.

അഷ്ടമി വിളക്ക്

ശനിയാഴ്ച രാത്രി ഒന്‍പതിനാണ് അഷ്ടമി വിളക്ക്. വിശേഷാല്‍ ചടങ്ങുകള്‍ക്കുശേഷം വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തെക്ക് എഴുന്നള്ളിക്കും. രാവിലെ നടക്കേണ്ട ശ്രീബലിയാണ് അഷ്ടമി വിളക്ക്. താരകാസുരനെയ നിഗ്രഹിക്കാന്‍ പോയ പുത്രനായ ഉദയനാപുരത്തപ്പനെ കാണാതെ ഉപവാസത്തോടെ ഒരു നേരത്തെ പൂജാദി ചടങ്ങുകള്‍ പുര്‍ത്തിയാക്കാന്‍ പുറത്തേയ്ക്ക് എഴുന്നള്ളും. ഗജവീരന്‍ ഗുരുവായൂര്‍ ഇന്ദ്ര സെന്‍ തിടമ്പേറ്റും. അസുരനിഗ്രഹത്തിനു ശേഷം വരുന്ന ഉദയനാപുരത്തപ്പന്‍ വടക്കേ ഗോപുരം കടന്നു വൈക്കത്തപ്പന്റെ സന്നിധിയില്‍ എത്തും. ഗജവീരന്‍ തിരുവമ്പാടി ചന്ദ്രശേഖരന്‍ ഉദയനാപുരത്തപ്പന്റെ തിടമ്പേറ്റും. മറ്റു പ്രദേശങ്ങളിലെ എഴുന്നള്ളിപ്പുകള്‍ കൂടി വൈക്കത്ത് എത്തുന്നതോടെ വലിയ കാണിക്ക, കൂട്ടിയെഴുന്നള്ളിപ്പ് എന്നിവ നടക്കും. തുടര്‍ന്ന് ക്ഷേത്രത്തിന് ഒരു വലം പൂര്‍ത്തിയാക്കി യാത്രയയപ്പ് ചടങ്ങ് ആരംഭിക്കും. അഷ്ടമി വിളക്ക് 11.30ന് തീര്‍ത്ത് 12ന് അവസാനിപ്പിക്കത്തക്ക തരത്തിലാണ് ക്രമീകരിച്ചിരിക്കന്നത്.

പള്ളിവേട്ട

അഷ്ടമി ദിവസത്തെ പൂജാദി ചടങ്ങുകള്‍ പൂരത്തിയാക്കുന്ന സമയം ശ്രീഭൂതബലി നടക്കുന്ന അവസരത്തിലാണ് പള്ളിവേട്ട. വ്യഘ്രപാദത്തറക്ക് സമീപമാണ് പള്ളിവേട്ട നടക്കുന്നത്. മണ്ഡപത്തില്‍ പള്ളി കുറുപ്പ് കൊള്ളുന്ന വൈക്കത്തപ്പന്‍ പള്ളിയുണര്‍ത്തല്‍ ചടങ്ങ് പതിവനുസരിച്ച് നടക്കുമെങ്കിലും ഉണരുന്നത് പശു കിടാവിന്റെ കരച്ചില്‍ കേട്ടുകൊണ്ടാണ്.

കൂടിപ്പൂജ

ഉദയനാപുരം ക്ഷേത്രത്തിലെ ശ്രീകോവിലില്‍ ഒരേ പീഠത്തിലിരുത്തി തന്ത്രിയുടെ കാര്‍മികത്വത്തിലാണ് വിശേഷാല്‍ പൂജ. മണ്ഡപത്തിലും വിശേഷാല്‍ ചടങ്ങുകള്‍ നടത്തും. തുടര്‍ന്ന് വൈക്കത്തപ്പനെയും ഉദയനാപുരത്തപ്പനെയും കൂടിപ്പൂജ വിളക്കിനായി എഴുന്നളളിയും. ഇരുദേവന്‍മാരും മുഖാമുഖം നിന്ന് ഉപചാരം ചൊല്ലി പിരിയുന്നതോടെ അഷ്ടമിയുടെ ചടങ്ങുകള്‍ക്ക് സമാപനമാകും.