Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വ്യത്യസ്ത കരകൗശല വസ്തുക്കളുമായി തഴപ്പായ ഉല്‍പന്നങ്ങളുടെ വിപണനമേള 
24/11/2021
വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ ആരംഭിച്ച തഴപ്പായ കൊണ്ടുള്ള കരകൗശല വസ്തുക്കളുടെ വിപണനമേള.

വൈക്കം: കേന്ദ്ര വസ്ത്ര മന്ത്രായലത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരകൗശല വികസന കമ്മീഷണറുടെ കാര്യാലയവും തലയോലപ്പറമ്പ് ജവഹര്‍ സെന്ററും ചേര്‍ന്ന് വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ ആരംഭിച്ച തഴപ്പായ കൊണ്ടുള്ള കരകൗശല വസ്തുക്കളുടെ സൗജന്യ പ്രദര്‍ശനവും വിപണനവും ശ്രദ്ധേയമാകുന്നു. അഷ്ടമിയോടനുബന്ധിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്. വിദഗ്ധ പരിശീലനം നേടിയ വനിതകളാണ് വ്യത്യസ്തങ്ങളായ തഴപ്പായ ഉല്‍പന്നങ്ങള്‍ നെയ്തെടുക്കുന്നത്. അതിവിപുലമായ ഉല്‍പന്നങ്ങളുടെയും, അധ്വാനശീലരായ കരകൗശല നിര്‍മാണതൊഴിലാളികള്‍ ചിരട്ടയിലും, നെല്ലോലയിലും, തെങ്ങിന്‍ തടിയിലും മറ്റും നിര്‍മിച്ച വിവിധങ്ങളായ ഉല്‍പന്നങ്ങളുടെയും മുപ്പതോളം സ്റ്റാളുകള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനും വില്‍പനക്കുമായി ഒരുക്കിയിട്ടുണ്ട്.
വിപണനമേളയില്‍ തഴപ്പായ കൊണ്ട് വനിതകള്‍ നിര്‍മിച്ച ഉല്‍പന്നങ്ങളായ ടേബിള്‍ മാറ്റ്, ബാഗുകള്‍, കല്ലപ്പായ, മെത്തപ്പായ, നിസ്‌കാരപ്പായ, വൈക്കത്തമ്പലത്തിന്റെ മിനിയേച്ചര്‍ മോഡല്‍, പേഴ്‌സുകള്‍, ബോക്‌സുകള്‍, വിവിധതരം കുഷ്യനുകള്‍, ലാമ്പ് ഷെയിഡ് , ഫയല്‍, ബാസ്‌കറ്റുകള്‍, ചെരുപ്പുകള്‍, സുഗന്ധവ്യഞ്ജന ബോക്‌സുകള്‍, വേസ്റ്റ് ബോക്‌സ്, ട്രേകള്‍, യോഗ മാറ്റ്, ബിഗ് ഷോപ്പര്‍, പൂക്കുടകള്‍, ഷോപ്പിംഗ് ബാഗുകള്‍, തൊപ്പികള്‍, പെന്‍ ബോക്‌സ്, ഫ്‌ളവര്‍ വേയ്‌സ്, നെറ്റിപ്പട്ടം, തടിയില്‍ തീര്‍ത്ത നിത്യോപയോഗ സാധനങ്ങള്‍, ആനകള്‍, വൈക്കോല്‍ ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള ഫോട്ടോകള്‍, മുള ഉല്‍പന്നങ്ങള്‍, മഴമൂളി, കാണാര ത്തടിയില്‍ തീര്‍ത്ത ചെരുപ്പുകള്‍, കരിമണല്‍ ശില്പങ്ങള്‍, തേങ്ങാത്തൊണ്ടില്‍ തീര്‍ത്ത കമനീയ വസ്തുക്കള്‍, ആറന്മുള കണ്ണാടി എന്നിങ്ങനെ കരകൗശല ഉല്‍പന്നങ്ങളുടെ പട്ടിക നീളുകയാണ്. വിപണനമേള 30 വരെ തുടരും. ബ്രാന്‍ഡ് ചെയ്ത ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ഈടാക്കുന്നത് പ്രയോജനപ്പെടുത്തി ഈ മേഖലയില്‍ വിദഗ്ധരായവരെ പ്രോത്സാഹിപ്പിക്കുകയാണ് ജവഹര്‍ സോഷ്യല്‍ വെല്‍ഫെയര്‍ സെന്റര്‍ ലക്ഷ്യമിടുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ സെന്റര്‍ പ്രസിഡന്റ് ടി.പി ആനന്ദവല്ലി, ജനറല്‍ സെക്രട്ടറി പി.ജി തങ്കമ്മ, എക്‌സി. ഡയറക്ടര്‍ പി. വിശ്വംഭരന്‍ പങ്കെടുത്തു.