Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷക സമരം സ്വാതന്ത്ര്യാനന്തര ഇന്‍ഡ്യയിലെ ഉജ്വല മുന്നേറ്റം: കെ പ്രകാശ് ബാബു
24/11/2021
സിപിഐ വൈക്കം മണ്ഡലം കമ്മിറ്റി സമാഹരിച്ച പ്രവര്‍ത്തനഫണ്ട് ഏറ്റുവാങ്ങി സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു സംസാരിക്കുന്നു.

വൈക്കം: കര്‍ഷകവിരുദ്ധ നിയമങ്ങള്‍ ക്ഷമാപണത്തോടെ പ്രധാനമന്ത്രിക്ക് പിന്‍വലിക്കേണ്ടി വന്നത് ഇന്‍ഡ്യയിലെ ജനാധിപത്യ കര്‍ഷക പ്രസ്ഥാനങ്ങളുടെ വന്‍വിജയമാണെന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു.  ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരകഹാളില്‍ വച്ച് സിപിഐ വൈക്കം മണ്ഡലം കമ്മിറ്റി സമാഹരിച്ച പ്രവര്‍ത്തനഫണ്ട് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നെന്ന പ്രഖ്യാപനം നടത്താനുള്ള വിവേകം നേരത്തെ കാണിച്ചിരുന്നുവെങ്കില്‍ 740 കര്‍ഷക ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്‍ഡ്യയില്‍ നടന്ന ഉജ്വല പ്രക്ഷോഭങ്ങളില്‍ സുപ്രധാനമാണ് ഈ കര്‍ഷക മുന്നേറ്റമെന്ന്  പറഞ്ഞു.ഭാരതത്തിന്റെ ക്ഷേത്രങ്ങള്‍ എന്ന് ജവഹര്‍ലാല്‍ നെഹ്‌റു വിശേഷിപ്പിച്ച പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്ന പ്രവണത 1991ല്‍ മന്‍മോഹന്‍ സിങ് തുടക്കം കുറിച്ചതാണ്. അത് കൂടുതല്‍ വിപുലീകരിക്കുകയാണ് മോഡി ചെയ്യുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ മൊത്തമായി വിറ്റഴിക്കുന്ന നയമാണ് മോഡി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഭാരതത്തിന്റെ അതിര്‍ത്തികള്‍ കടന്നുകയറി നൂറു ഗ്രാമങ്ങളാണ് ചൈന നമ്മുടെ രാജ്യത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇത് തടയുന്നതില്‍പോലും പരാജയപ്പെട്ട മോഡി സര്‍ക്കാര്‍ രാജ്യത്തെ സുരക്ഷാ പ്രതിരോധ സംവിധാനങ്ങളെ പോലും സ്വകാര്യ മേഖലയ്ക്ക് വിറ്റഴിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി.എസ് പുഷ്‌കരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ അസി. സെക്രട്ടറി ആര്‍ സുശീലന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍, ജില്ലാ എക്‌സി. അംഗങ്ങളായ ടി.എന്‍ രമേശന്‍, പി സുഗതന്‍, സി.കെ ആശ എംഎല്‍എ, മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ എന്‍ അനില്‍ബിശ്വാസ്, വി.കെ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.