Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആചാരതനിമയോടെ ഉദയനാപുരം ക്ഷേത്രത്തിലെ ആറാട്ട്
21/11/2021
ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന് സമാപനം കുറിച്ചു നടന്ന ആറാട്ട്.
വൈക്കം: ഭക്തിസാന്ദ്രമായ  അന്തരീക്ഷത്തിൽ ആചാര തനിമയോടെ ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ട്  നടന്നു. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരയണൻ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, മേക്കാട് ചെറിയ നാരായണൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ നടന്ന വിശേഷാൽ പൂജകൾക്ക് ശേഷമാണ് ആറാട്ടിന് എഴുന്നള്ളിച്ചത്. മേൽശാന്തി ആഴാട് നാരായണൻ നമ്പൂതിരി, ആഴാട് ചെറിയ നാരായണൻ നമ്പൂതിരി, ആഴാട് ഉമേഷ് നമ്പൂതിരി, പാറോളി ഉണ്ണികൃഷ്ണൻ നമ്പൂതിരി, പാറോളി കൃഷ്ണദേവ്, പാറോളി ലിഖേഷ്  എന്നിവർ സഹകാർമികരായി. ഗജവീരൻ കണ്ടിയൂർ പ്രേംശങ്കർ  ഉദയനാപുരത്തപ്പന്റെ തിടമ്പേറ്റി. മൂല വിഗ്രഹമാണ് ആറാട്ട് ചടങ്ങിനായി ഉപയോഗിക്കുന്നത്. തേരോഴി രാമകുറുപ്പ്, ഉദയനാപുരം ഹരി, വൈക്കം ജയൻ എന്നിവർ മേളം ഒരുക്കി. വൈക്കം ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള ആറാട്ട് കുളത്തിലാണ് ഉദയനാപുരത്തപ്പന്റെ ആറാട്ട്. ഉദയനാപുരത്തപ്പന്റെ ആറാട്ടെഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തിന്റെ വടക്കേ ഗോപുരം കയറി നിന്ന മൂഹൂർത്തത്തിൽ, വൈക്കത്തപ്പൻ ആർഭാടപൂർവം എഴുന്നള്ളി ഉദയനാപുരത്തനെ സ്വീകരിച്ച് ആറാട്ടിനായി ആനയച്ചു. ഗജവീരൻ മുല്ലക്കൽ ബാലകൃഷ്ണൻ  വൈക്കത്തപ്പന്റെ തങ്കത്തിടമ്പേറ്റി. ആചാര പെരുമയോടെ അവകാശിയായ കിഴക്കേടത്ത് വാസുദേവൻ മൂസത്, ശങ്കരൻ മൂസത് എന്നിവർ അരിയും പൂവും തൂകിയാണ് ഉദയനാപുരപ്പനെ വരവേറ്റത്.  ആറാട്ടിന് ശേഷം വൈക്കം ക്ഷേത്രത്തിൽ കൂടിപ്പൂജയും വിളക്കും നടന്നു. വിളക്കിനുശേഷം ആചാരമനുസരിച്ച് പുത്രനായ ഉദയനാപുരത്തപ്പനും പിതാവായ വൈക്കത്തപ്പനും മുഖാമുഖം നിന്നു യാത്ര ചോദിക്കുന്ന ചടങ്ങും നടന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ആചാരമസരിച്ച് ചടങ്ങുകളായി മാത്രമാണ് ഉത്സവം നടത്തിയത്.