Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൃക്കാര്‍ത്തികക്കൊരുങ്ങി ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
18/11/2021
ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തോടനുബന്ധിച്ചു നടന്ന തെക്കുംചേരിമേല്‍ എഴുന്നള്ളിപ്പ്.

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ദര്‍ശനവും വിളക്കും വെള്ളിയാഴ്ച നടക്കും. പുലര്‍ച്ചെ നാലിന് നടതുറന്ന് വടക്കുംചേരിമേല്‍ എഴുന്നളളിപ്പിന് ശേഷം ആറിനാണ് തൃക്കാര്‍ത്തിക ദര്‍ശനം. രാവിലെ 11 വരെ ദര്‍ശനം ഉണ്ടാകും. ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ട് ശനിയാഴ്ചയാണ്. വൈകിട്ട് അഞ്ചിനാണ് ആറാട്ട് എഴുന്നള്ളിപ്പ്. വൈക്കം ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള ആറാട്ട് കുളത്തിലാണ് ഉദയനാപുരത്തപ്പന്റെ ആറാട്ട്. വൈക്കം ക്ഷേത്രത്തിന്റെ വടക്കേഗോപുരം കയറി നില്‍ക്കുന്ന ഉദയനാപുരത്തപ്പനെ വൈക്കത്തപ്പന്‍ എഴുന്നള്ളി ആരിയും പൂവുമായി എതിരേല്‍ക്കും. ഉദയനാപുരത്തപ്പനായി തളക്കല്ല് വൈക്കത്തപ്പന്‍ ഒഴിഞ്ഞു കൊടുക്കുന്നതും പ്രത്യേകയാണ്.
ആറാട്ടിന് ശേഷം വരുന്ന ഉദയനാപുരത്തപ്പനെ വൈക്കം ക്ഷേത്രത്തിലെ ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കുന്നതോടെ കൂടിപ്പൂജ ആരംഭിക്കും. പിതാവായ വൈക്കത്തപ്പന്റെ മടിയില്‍ പുത്രനായ ഉദയനാപുരത്തപ്പനെ ഇരുത്തി തന്ത്രിയുടെ കാര്‍മികത്വത്തില്‍ നടത്തുന്ന വിശേഷാല്‍ പൂജ ഏറെ വിശേഷപ്പെട്ടതാണ്. മണ്ഡപത്തിലും വിശേഷാല്‍ ചടങ്ങുകള്‍ ഉണ്ടാകും. തുടര്‍ന്ന് ഇരുദേവന്‍മാരെയും പുറത്തേയ്ക്ക് എഴുന്നള്ളിക്കുന്നതോടെ കൂടിപ്പൂജ വിളക്ക് ആരംഭിക്കും. വിവിധ വാദ്യമേളങ്ങള്‍ അകമ്പടിയാകും. ഒരു പ്രദക്ഷിണത്തിനുശേഷം വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും അഭിമുഖമായി നിന്നു ചോദിച്ചു പിരിയുന്നതോടെ വിളക്ക് എഴുന്നള്ളിപ്പ് സമാപിക്കും.
കാര്‍ത്തിക ഉത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച നടന്ന തെക്കുംചേരിമേല്‍ എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി. ഗജരാജന്‍ കണ്ടിയൂര്‍ പ്രേംശങ്കര്‍ ഉദയനാപുരത്തപ്പന്റെ തിടമ്പേറ്റി. ഏഴാം ഉത്സവ ദിവസം നടക്കേണ്ട വിളക്കെഴുന്നള്ളിപ്പാണ് തെക്കുംചേരിമേല്‍ എഴുന്നള്ളിപ്പ്. എട്ടാം ഉത്സവ ദിവസം പുലര്‍ച്ചെ നടന്ന എഴുന്നള്ളിപ്പ് ക്ഷേത്രഗോപുരം കടന്ന് നാലു കിലോമീറ്റര്‍ അകലെയുള്ള അരിമ്പുകാവ് ക്ഷേത്രത്തില്‍ എത്തി ഇറക്കി പൂജയും നിവേദ്യവും നടത്തി. ഇവിടെ വച്ച് കമഴ്ത്തി പിടിച്ച് ശംഖ് ഊതി എഴുന്നള്ളിപ്പ് തിരിച്ച് പോന്നു.