Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിവപഞ്ചാക്ഷരി മന്ത്രം ഉയര്‍ന്നു; വൈക്കത്തഷ്ടമിയ്ക്ക് കൊടിയേറി
16/11/2021
വൈക്കത്തഷ്ടമിയ്ക്ക് മേക്കാട് ചെറിയ നാരായണന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

 വൈക്കം: വെള്ളിവിളക്കുകളിലെ നെയ്തിരി ദീപങ്ങളെ സാക്ഷിയാക്കി വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് കൊടിയേറി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി, മേക്കാട് അജിത് മാധവന്‍ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തില്‍ മേക്കാട് ചെറിയ നാരായണന്‍ നമ്പൂതിരി കൊടി ഉയര്‍ത്തി. തെക്കുഭാഗത്തെ ധ്വജ ദണ്ഡിലാണ് കൊടി ഉയര്‍ന്നത്. ചടങ്ങില്‍ മേല്‍ശാന്തിമാരായ ടി.ഡി നാരായണന്‍ നമ്പൂതിരി, ടി.എസ് നാരായണന്‍ നമ്പൂതിരി, തരണി ശ്രീധരന്‍ നമ്പൂതിരി, അനൂപ് നമ്പൂതിരി, ജീവേശ് കേശവന്‍, ശ്രീരാഗ്, ആദിത്യ ദാമോദരന്‍, കീഴ്ശാന്തിമാരായ ഏറാഞ്ചേരി ദേവന്‍ നമ്പൂതിരി, കൊളായി നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ നടതുറന്ന് പ്രഭാത പൂജകള്‍ക്ക് ശേഷം പന്തീരടി പൂജയും നടത്തിയ ശേഷമാണ് കൊടിക്കൂറ കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചത്. ഗജവീരനും സ്വര്‍ണക്കുടകളും മുത്തക്കുടകളും വാദ്യമേളങ്ങളും അകമ്പടിയായി. കൊടിമരച്ചുവട്ടിലെ കെടാവിളക്കില്‍ ദേവസ്വം കമ്മീഷണര്‍ ബി.ഐ പ്രകാശ് ദീപം തെളിയിച്ചു. അഷ്ടമി ഉത്സവം തീരുവോളം കെടാവിളക്കിലെ ദീപം തെളിഞ്ഞു നില്‍ക്കും. ചടങ്ങില്‍ അസി. കമ്മീഷണര്‍ ഡി ജയകുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എം.ജി മധു, അക്കൗണ്ടന്റ് വി.കെ അശോകന്‍ എന്നിവര്‍ പങ്കെടുത്തു. ഒന്നാം ഉത്സവദിനത്തിലെ അഹസ്സിനുള്ള അരിയളക്കലും ചൊവ്വാഴ്ച നടന്നു. അഷ്ടമിയുടെ ഒന്നും രണ്ടും ദിവസത്തെ ഉത്സവം വൈക്കം ടൗണിലെ സംയുക്ത എന്‍.എസ്.എസ് കരയോഗം അഹസ്സായാണ് ആഘോഷിക്കുന്നത്. അരിയളക്കല്‍ ചടങ്ങില്‍ വിവിധ കരയോഗം ഭാരവാഹികളായ എസ് മധു, എം.സി ശ്രീകുമാര്‍, ബി ശശിധരന്‍, എസ് പ്രതാപ്, ബി ജയകുമാര്‍, മാധവന്‍ കുട്ടികറുകയില്‍, കെ.പി രവികുമാര്‍, ഹര്‍ഷന്‍, ശിവരാമകൃഷ്ണന്‍ നായര്‍, എസ്.യു കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രണങ്ങളോടെയാണ് അഷ്ടമി ആഘോഷം. നവംബര്‍ 27നാണ് വൈക്കത്തഷ്ടമി. 28ന് ആറാട്ടോടെ ഉത്സവം സമാപിക്കും.