Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫുഡി വീല്‍സ് സംസ്ഥാനത്തുടനീളം ആരംഭിക്കും : മന്ത്രി മുഹമ്മദ് റിയാസ്
16/11/2021
വൈക്കം കായലോരത്ത് കെ.ടി.ഡി.സി. ഒരുക്കിയ ഫുഡി വീല്‍സ് റസ്റ്റോറന്റിന്റെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കുന്നു.  

വൈക്കം: വൈക്കത്ത് ആരംഭിച്ച ഡബിള്‍ ഡെക്കര്‍ ബസ് ഭക്ഷണശാല സംസ്ഥാനത്തുടനീളമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആരംഭിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വൈക്കം കായലോരത്ത് കെ.ടി.ഡി.സി. ഒരുക്കിയ ഫുഡി വീല്‍സ് റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.ആര്‍.ടി.സിയുടെ ഉപയോഗശൂന്യമായ എല്ലാ ബസുകളെയും നവീകരിച്ച് ടൂറിസത്തിന്റെ ഭാഗമാക്കാനാണ് തീരുമാനം. ജനപങ്കാളിത്തത്തോടെയുള്ള ടൂറിസം പദ്ധതിയായ പെപ്പര്‍ രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന വൈക്കത്തിന്റെ അനന്ത സാധ്യതകളെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ഫുഡി വീല്‍സ് പോലുള്ള നവീന സംരംഭങ്ങള്‍ക്ക് സാധിക്കും. വൈക്കത്തിന്റെ പൈതൃക കാഴ്ചകള്‍ക്കൊപ്പം നവോത്ഥാന മുന്നേറ്റങ്ങളും സ്വാതന്ത്ര്യസമര പോരാട്ടങ്ങളും ഉള്‍ക്കൊള്ളുന്ന ചരിത്രവും പുതുതലമുറയ്ക്ക് പകര്‍ന്നേകാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി നിയന്ത്രണങ്ങള്‍ ഉള്ള കായലോരപ്രദേശങ്ങളില്‍ ഗതാഗതയോഗ്യമല്ലാത്ത ബസുകള്‍ നവീകരിച്ചുള്ള സംരംഭങ്ങള്‍ക്ക് വന്‍ സാധ്യതയാണുള്ളതെന്ന് ചടങ്ങില്‍ മുഖ്യതിഥിയായിരുന്ന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഹൈമി ബോബി, പി.എസ് പുഷ്പമണി, ഉത്തരവാദിത്വ ടൂറിസം മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ , വാര്‍ഡ് അംഗം ബിന്ദു ഷാജി, കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടര്‍ കൃഷ്ണതേജ, മാര്‍ക്കറ്റിങ് മാനേജര്‍ ജി.എസ് രാജ് മോഹന്‍ എന്നിവര്‍ പങ്കെടുത്തു.
ഫുഡി വീല്‍സ് എന്ന പേരില്‍ കെ.എസ്.ആര്‍.ടി.സി. എന്‍ജിനീയറിംഗ് വിഭാഗം നിര്‍മിച്ച ഭക്ഷണശാല 40 ലക്ഷം രൂപ ചെലവഴിച്ച് ഏഴ് മാസം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. വൈക്കം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ കണ്ടം ചെയ്ത ബസാണ് രൂപമാറ്റം വരുത്തി ഡബിള്‍ ഡെക്കര്‍ ആക്കിയത്. 20 ഇരിപ്പിടങ്ങളുള്ള താഴത്തെ നില പൂര്‍ണമായും ശീതീകരിച്ചതാണ്. ഒരേ സമയം അന്‍പതോളം പേര്‍ക്കു ഭക്ഷണം കഴിക്കാവുന്ന ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കരമാര്‍ഗവും കായല്‍ മാര്‍ഗവും വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ക്ക് എത്താന്‍ കഴിയുന്ന കേരളത്തിലെ അപൂര്‍വം കെടിഡിസികളില്‍ ഒന്നാണിത്. ടൂറിസം സാധ്യതകള്‍ ഏറെയുള്ള വൈക്കത്ത് ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന സി.കെ ആശ എംഎല്‍എയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കുടുംബസമേതം വന്ന് ഭക്ഷണം കഴിക്കാനുതകുന്ന തരത്തില്‍ കെഎസ്ആര്‍ടിസി ബസില്‍ റസ്റ്റോറന്റ് എന്ന എന്ന വ്യത്യസ്തമായ ആശയത്തിലേക്ക് അധികൃതര്‍ എത്തിച്ചേര്‍ന്നത്. ഇരുനില ബസിന്റെ ചുറ്റും പൂന്തോട്ടം ഒരുക്കി കായല്‍ക്കാറ്റേറ്റ് പ്രകൃതിസൗന്ദര്യം ആസ്വദിച്ച് രുചി നുകരാന്‍ ഇരിപ്പിടങ്ങളുമുണ്ട്. നിലവിലെ ബോട്ട് മാതൃകയിലുള്ള റസ്റ്റോറന്റില്‍ മാത്രമേ ബീയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ പ്രവര്‍ത്തിക്കൂ. കെടിഡിസിയുടെ പുതിയ പദ്ധതി വൈക്കത്തിന്റെ ടൂറിസം വികസനത്തിനു പുതിയ ഉണര്‍വേകുമെന്നാണ് പ്രതീക്ഷ.