Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമിക്ക് നാളെ കൊടിയേറും
15/11/2021
വൈക്കം മഹാദേവ ക്ഷേത്രം. ഫോട്ടോ: ശിവശങ്കര്‍ വൈക്കത്തപ്പന്‍ സ്റ്റുഡിയോ.

വൈക്കം: ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമിയ്ക്ക് നാളെ കൊടിയേറും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ ചൊവ്വാഴ്ച രാവിലെ 8.30നും 10.30 നും ഇടയിലാണ് കൊടിയേറ്റ്. തുടര്‍ന്ന് കൊടിമരച്ചുവട്ടിലെ കെടാവിളക്കില്‍ ദേവസ്വം കമ്മീഷണര്‍ ബി പ്രകാശ് ദീപം തെളിയിക്കും. കോവിഡ് മാനദണ്ഡം പൂര്‍ണമായി പാലിച്ചാണ് ചടങ്ങുകള്‍ നടത്തുക. 27നാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. 28ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും. ആറാട്ട് ദിവസം ഉദയനാപുരം ക്ഷേത്രത്തില്‍ കൂടിപൂജയും കൂടിപ്പൂജ വിളക്കും ഉണ്ടാകും. അഷ്ടമി കാലത്ത് ക്ഷേത്രം പുഷ്പങ്ങള്‍ കൊണ്ടു അലങ്കരിച്ച് ലക്ഷദീപങ്ങള്‍ തെളിയിക്കും.
ഒന്നാം ദിവസത്തെ കൊടിപ്പുറത്തു വിളക്ക്, അഞ്ച്, ആറ്, എട്ട് , പതിനൊന്ന് ഉത്സവ ദിവസങ്ങളിലെ ഉത്സവബലി, അഞ്ചാം ഉത്സവ ദിനത്തില്‍ നടക്കുന്ന കൂടിപ്പൂജ, കൂടിപ്പൂജ വിളക്ക്, ഏഴാം ഉത്സവദിവസത്തെ ഋഷഭ വാഹനം എഴുന്നള്ളിപ്പ്, എട്ടാം ഉത്സവ ദിവസത്തെ വടക്കുംചേരിമേല്‍ എഴുന്നള്ളിപ്, ഒന്‍പതാം ദിവസത്തെ തെക്കും ചേരിമേല്‍ എഴുന്നള്ളിപ്പ്, പത്താം ദിനത്തിലെ വലിയ ശ്രീബലി, വലിയവിളക്ക്, അഷ്ടമി നാളിലെ വൈക്കത്തഷ്ടമി ദര്‍ശനം, അഷ്ടമി വിളക്ക്, ഉദയനാപുരത്തപ്പന്റെ വരവ്, വലിയ കാണിക്ക, വിടപറച്ചില്‍ എന്നിവയും അടുത്ത നാളില്‍ നടക്കുന്ന ആറാട്ടും പ്രധാനമാണ്. നവംബര്‍ 29നാണ് മൂക്കുടി നിവേദ്യം.