Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ക്ഷേത്രത്തിലും ഉദയനാപുരം ക്ഷേത്രത്തിലും കൊടിക്കൂറ സമര്‍പ്പിച്ചു
09/11/2021
വൈക്കം മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റിനുള്ള കൊടിക്കൂറ വൈക്കപ്രയാര്‍ ആലുങ്കല്‍ എസ് പ്രതാപചന്ദ്രന്‍ ക്ഷേത്രനടയില്‍ സമര്‍പ്പിക്കുന്നു.

വൈക്കം: മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമി ഉല്‍സവത്തിനും ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ഉത്സവത്തിനും കൊടികയറ്റാനുള്ള കൊടിക്കൂറകള്‍ ചൊവ്വാഴ്ച രാവിലെ ഇരു ക്ഷേത്രങ്ങളിലും കൊടിമരത്തിനു മുന്നില്‍ ആചാരപൂര്‍വം സമര്‍പ്പിച്ചു. എക്‌സലന്റ് കോച്ചിങ് സെന്റര്‍ ഉടമ വൈക്കപ്രയാര്‍ ആലുങ്കല്‍ ആര്‍ പ്രതാപചന്ദ്രനാണ് കൊടിക്കൂറകള്‍ വഴിപാടായി സമര്‍പ്പിച്ചത്. ആദ്യം ഉദയനാപുരം ക്ഷേത്രത്തില്‍ കൊടിക്കൂറ സമര്‍പ്പിച്ചു. കൊടിമരത്തിനു മുന്നില്‍ ഇലയിട്ട് ദീപം തെളിയിച്ച് കുടുംബാംഗങ്ങള്‍ ചേര്‍ന്നു പ്രാര്‍ഥിച്ചശേഷമാണ് കൊടിക്കൂറ സമര്‍പ്പണം നടത്തിയത്. സബ് ഗ്രൂപ്പ് ഓഫീസര്‍ എസ്.വിനോദ്കുമാര്‍, ശങ്കരന്‍ മൂസത് എന്നിവര്‍ ചേര്‍ന്ന് കൊടിക്കൂറ ഏറ്റുവാങ്ങി.
വൈക്കം ക്ഷേത്രത്തിന്റെ ആനക്കൊട്ടിലില്‍ കൊടിമരത്തിനു മുമ്പില്‍ ഇലയിട്ട് ദീപം തെളിയിച്ച് കൊടിക്കൂറ സമര്‍പ്പിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എ.ജി മധു, കിഴക്കേടത്ത് ഇല്ലത്ത് ശങ്കരന്‍ മൂസത് എന്നിവര്‍ ചേര്‍ന്ന് കൊടിക്കൂറ ഏറ്റുവാങ്ങി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച ശേഷമാണ് ഇരുക്ഷേത്രങ്ങളിലും കൊടിക്കൂറ സമര്‍പ്പണം നടത്തിയത്. ചമയ നിര്‍മാതാവ് ചെങ്ങന്നൂര്‍ മുണ്ടന്‍കാവ് പാണംപറമ്പില്‍ കെ.ജി സാജനാണ് വ്രതം അനുഷ്ഠിച്ച് കൊടിക്കൂറ തയ്യാറാക്കിയത്. വൈക്കം ക്ഷേത്രത്തിലെ കൊടിക്കൂറയ്ക്ക് രണ്ട് ചന്ദ്രക്കല, വലിയ വട്ടകുമിളകള്‍, മാന്‍, നന്ദികേശന്‍, രണ്ട് തൃക്കണ്ണ്, നാല് കാളാഞ്ചികള്‍ എന്നിവ ആലേഖനം ചെയ്താണ് അഞ്ചര മീറ്റര്‍ നീളത്തില്‍ വെല്‍വെറ്റ് പട്ടില്‍ കൊടിക്കൂറ തുന്നി തയ്യാറാക്കിയത്.
ഉദയനാപുരം ക്ഷേത്രത്തിലെ കൊടിക്കൂറ അഷ്ടദളത്തില്‍ ഓം, വലിയ വെള്ളിചന്ദ്രക്കല, വെള്ളിക്കുമിളകള്‍, നാല് കാളാഞ്ചി എന്നീ ചിത്രപ്പണികളോടെയാണ് അഞ്ചര മീറ്റര്‍ നീളത്തില്‍ കൊടിക്കൂറ നിര്‍മിച്ചത്. ഉദയനാപുരം ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് വി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍, സെക്രട്ടറി മോഹനന്‍ കാര്‍ത്തിക, സബ്ഗ്രൂപ്പ് ഓഫീസര്‍ എസ് വിനോദ്കുമാര്‍, കെ.എന്‍ ഗിരീഷ്,ഷിബു മനയത്ത്, ശിവന്‍കുട്ടി നായര്‍, ബിനു ലൗലാന്റ് എന്നിവരും വൈക്കം ക്ഷേത്രത്തില്‍ പ്രസിഡന്റ് ഷാജി വല്ലൂത്തറ, സെക്രട്ടറി ബി.ഐ പ്രദീപ് കുമാര്‍, വൈസ് പ്രസിഡന്റ് പി.പി സന്തോഷ് എന്നിവരും പങ്കെടുത്തു.