Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആൾത്തിരക്ക് ഒഴിവാക്കി ചടങ്ങുകളോടെ അഷ്ടമി ആഘോഷിക്കും
06/11/2021
വൈക്കത്തഷ്ടമി നടത്തിപ്പുമായി ബന്ധപ്പെട്ട് വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത ആലോചനായോഗം.
 
വൈക്കം: കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും ആൾത്തിരക്ക് ഒഴിവാക്കി ആചാരപരമായ ചടങ്ങുകളോടെ അഷ്ടമി ആഘോഷം നടത്താൻ ആലോചനാ യോഗത്തിൽ  തീരുമാനം. വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ പി.കെ ജയശ്രീയാണ് യോഗം  വിളിച്ചുചേർത്തത്. ഒരേസമയം 200 ഭക്തജനങ്ങൾക്ക് മതിൽക്കെട്ടിനുള്ളിൽ പ്രവേശനം നൽകും. സാധാരണ ദിവസങ്ങളിൽ തിടമ്പേറ്റുന്ന ആനകൾക്ക് മാത്രമാണ് അനുമതി. അഷ്ടമി വിളക്കിന്റെ കൂട്ടി എഴുന്നള്ളിപ്പിനായി അഞ്ച് ആനകളെ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ എഴുന്നള്ളിക്കാം. തന്ത്രിയുടെ നിർദേശപ്രകാരം കൂട്ടി എഴുന്നള്ളിപ്പിന് ഏതൊക്കെ ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളിപ്പ് വേണമെന്ന കാര്യത്തിൽ തീരുമാനം എടുക്കും. പ്രാതൽ അത്താഴക്കഞ്ഞി വിതരണം, താലപ്പൊലി, കുലവാഴ പുറപ്പാട്, പറ എടുപ്പ്, വിളക്കു വയ്പ്, സ്റ്റേജ് കലാപരിപാടികൾ എന്നിവയ്ക്ക് അനുമതി ഇല്ല. അഷ്ടമി ദർശനത്തിന് വെർച്വൽ ക്യൂ സംവിധാനം ഒഴിവാക്കി ബാരിക്കേഡുകൾ സ്ഥാപിക്കും.  ദർശനത്തിന് എത്തുന്ന ഭക്തർ കിഴക്കേ ക്ഷേത്രഗോപുരം വഴി പ്രവേശിച്ച് വടക്ക്, പടിഞ്ഞാറേ ഗോപുരം വഴി പുറത്തേക്ക് ഇറങ്ങണം. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ കൂടുതൽ സമയം നിൽക്കാൻ ഭക്തജനങ്ങളെ അനുവദിക്കില്ല. അഷ്ടമി പ്രമാണിച്ചുള്ള വഴിയോര കച്ചവടത്തിനും ഇതിനാവശ്യമായ സ്ഥലം ലേലം ചെയ്യുന്നതിനും അനുവദമില്ല. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പൊലീസ് എയ്ഡ് പോസ്റ്റ്, ആരോഗ്യവകുപ്പ്, ഫയർഫോഴ്സ് എന്നിവരുടെ സേവനം ഉണ്ടായിരിക്കും. ജനത്തിരക്ക് അനുഭവപ്പെടുന്നതനുസരിച്ച് കെഎസ്ആർടിസി, ജലഗതാഗത വകുപ്പ് സ്പെഷ്യൽ സർവീസുകൾ നടത്തും. സി.കെ ആശ എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ ആർഡിഒ അനിൽ ഉമ്മൻ, റവന്യു റിക്കവറി ഡപ്യൂട്ടി കലക്ടർ പി.ജി രാജേന്ദ്ര ബാബു, ഡിവൈഎസ്പി എ.ജെ തോമസ്, തഹസിൽദാർ കെ.കെ ബിനി, ദേവസ്വം ഡപ്യൂട്ടി കമ്മീഷണർ കെ ശ്രീലത, അഡ്വ. കമ്മീഷണർ പി രാജീവ്, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ഷാജി വല്ലൂത്തറ തുടങ്ങി വിവിധ വകുപ്പ് അധികൃതർ യോഗത്തിൽ പങ്കെടുത്തു.