Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി
03/11/2021
വൈക്കം താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം സി.കെ ആശ എംഎല്‍എ വിലയിരുത്തുന്നു.

വൈക്കം: താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം മന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടത്തില്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ണമായും തയ്യാറാക്കിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ രോഗികള്‍ക്ക് ഡയാലിസിസ് ചെയ്തു തുടങ്ങി. രജിസ്റ്റര്‍ ചെയ്ത രോഗികളെ സ്‌ക്രീനിങ് നടത്തി ഫിറ്റ്‌നസ് ലഭിക്കുന്ന മുറയ്ക്ക് അവരെ ഡയാലിസിസിന് വിധേയരാക്കും. മണ്ഡലത്തിലെ രോഗികള്‍ വളരെ അകലെയുള്ള ചികിത്സാ കേന്ദ്രങ്ങളില്‍ പോയി ഡയാലിസിസ് ചെയ്യേണ്ടി വരുന്ന സാഹചര്യം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രിയെ സി.കെ ആശ എംഎല്‍എ രേഖാമൂലം അറിയിച്ചതിനെതുടര്‍ന്ന് അനുവദിച്ചു കിട്ടിയതാണ് ഡയാലിസിസ് യൂണിറ്റ്. താലൂക്ക് ആശുപത്രി വളപ്പില്‍ പി നാരായണന്റെ കാലത്ത് എംഎല്‍എ ഫണ്ടില്‍നിന്നും ചെലവഴിച്ചു നിര്‍മിച്ച കെട്ടിടം ഒരു കോടിയിലധികം രൂപ ചെലവഴിച്ചു നവീകരിച്ചാണ് ഡയാലിസിസ് സെന്റര്‍ സ്ഥാപിച്ചത്. താലൂക്ക് ആശുപത്രിയുടെ വിവിധങ്ങളായ വികസന പദ്ധതികളിലൊന്നാണ് ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമായത്. വൈക്കം താലൂക്ക് ആശുപത്രിയില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ചെറിയ ഓക്‌സിജന്‍ പ്ലാന്റിന് പുറമെ കൂടുതല്‍ കപ്പാസിറ്റിയുള്ള ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചതായി എംഎല്‍എ അറിയിച്ചു. കിഫ്ബി ഫണ്ടുപയോഗിച്ച് പണികഴിപ്പിക്കുന്ന പുതിയ ബഹുനില കെട്ടിടത്തിന്റെ പയലിങ് ജോലികള്‍ പുരോഗമിക്കുകയാണ്. പുതിയ കെട്ടിടത്തിന്റെ പണിപൂര്‍ത്തിയാകുന്നതോടെ ഇപ്പോള്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനവും പൂര്‍ണസജ്ജമാകുമെന്നും സി.കെ ആശ എംഎല്‍എ അറിയിച്ചു.