Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴിലാളികള്‍ക്ക് രാഷ്ട്രീയമായ അന്തസ്സ് പകര്‍ന്നുകൊടുത്ത പോരാട്ടമായിരുന്നു പുന്നപ്ര വയലാര്‍ സമരം: മുല്ലക്കര രത്‌നാകരന്‍
27/10/2021
എഐടിയുസി ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വൈക്കത്ത് നടത്തിയ പുന്നപ്ര വയലാര്‍ സമരത്തിന്റെ 75-ാം വാര്‍ഷിക അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന എക്‌സി. അംഗം മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഒരു നാടിന്റെ പോരാട്ടം രാഷ്ട്രീയ പോരാട്ടമായി മാറുന്നതെങ്ങനെയെന്നു കാണിച്ച സമരമായിരുന്നു പുന്നപ്ര വയലാര്‍ സമരം. തൊഴിലാളികളുടെ ഭയം ഇല്ലാതാക്കിയ പോരാട്ടം. കേരളത്തിലെ തൊഴിലാളികള്‍ക്ക് രാഷ്ട്രീയമായ അന്തസ്സ് പകര്‍ന്നുകൊടുത്ത പുന്നപ്ര വയലാര്‍ സമരം ഭാരതത്തില്‍ മറ്റെങ്ങുമില്ലാത്ത സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും തൊഴിലാളികള്‍ക്ക് കേരളത്തില്‍ ലഭിക്കുന്നതിന് കാരണമായി എന്ന് മുന്‍മന്ത്രിയും സിപിഐ സംസ്ഥാന എക്‌സി. അംഗവുമായ മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. എഐടിയുസി ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വൈക്കത്ത് നടത്തിയ പുന്നപ്ര വയലാര്‍ സമരത്തിന്റെ 75-ാം വാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മതങ്ങളുടെ മറവില്‍ ഉപയോഗിക്കപ്പെടുകയാണ്. മതദര്‍ശനങ്ങളെ ശരിയാംവിധം ഉപയോഗിക്കുവാനുള്ള വഴി കാണിച്ചുകൊടുക്കണം. ഇന്നിത് ലോകത്തെല്ലാം പഠനവിഷയമാണ്. രാഷ്ട്രീയത്തെ മതവും പണവും കോര്‍പ്പറേറ്റുകളും വിഴുങ്ങുകയാണ്. ഇതില്‍നിന്നെല്ലാം നിതാന്ത ജാഗ്രത പുലര്‍ത്താന്‍ പുന്നപ്ര വയലാര്‍ പോരാളികളുടെ സ്മരണകള്‍ നിരന്തരം നമ്മെ ഓര്‍മപ്പെടുത്തുന്നുവെന്നും മുല്ലക്കര രത്‌നാകരന്‍ കൂട്ടിച്ചേര്‍ത്തു. ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരകഹാളില്‍ നടത്തിയ സമ്മേളനത്തില്‍ എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു, അഡ്വ. വി.കെ സന്തോഷ്‌കുമാര്‍, ലീനമ്മ ഉദയകുമാര്‍, പി സുഗതന്‍, ജോണ്‍ വി ജോസഫ്, എന്‍.എം മോഹനന്‍, കെ അജിത്ത്, കെ.ഡി വിശ്വനാഥന്‍, കെ.എസ് രത്‌നാകരന്‍, പി.എസ് പുഷ്‌കരന്‍, ഡി ബാബു, എം.എസ് സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.