Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി ആഘോഷത്തിന് കൂടുതല്‍ ഇളവുകള്‍ അനുവദിക്കണം: എന്‍എസ്എസ് യൂണിയന്‍
26/10/2021

വൈക്കം: ഈ വര്‍ഷത്തെ വൈക്കത്തഷ്ടമി ഉത്സവത്തിന്റെ ചടങ്ങുകള്‍ സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. സ്‌കൂളുകളും സിനിമ തീയറ്ററുകളും മറ്റും തുറക്കുന്ന സാഹചര്യത്തില്‍, കോവിഡിനു മുമ്പുള്ള കാലഘട്ടത്തിലെപോലെ പ്രൗഢിയോടെ നടത്തിയില്ലെങ്കില്‍ പോലും കഴിഞ്ഞവര്‍ഷം നടത്തിയതില്‍ നിന്നും വിഭിന്നമായി കുറച്ചുകൂടി ഇളവുകള്‍ നല്‍കി അഷ്ടമി ഉത്സവം നടത്തുന്നതിന് ദേവസ്വം ബോര്‍ഡും ജില്ലാ ഭരണാധികാരികളും മുന്‍കൈയെടുക്കണമെന്ന് വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ആവശ്യപ്പെട്ടു. ഉത്സവമേളം നടത്തുന്ന കലാകാരന്‍മാര്‍, സ്റ്റേജ് പ്രോഗ്രാം നടത്തുന്ന കലാകാരന്മാര്‍, ഇവര്‍ക്കൊക്കെ പരിപാടികള്‍ അവതരിപ്പിക്കാന്‍ എങ്ങും അവസരം കിട്ടാതെ സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഘട്ടത്തില്‍ ഇവര്‍ക്ക് അവസരം നിഷേധിക്കുന്നത് ദുരിതം വര്‍ധിപ്പിക്കുകയേ ഉള്ളൂ. വൈക്കത്തപ്പന്റെ ഇഷ്ടവഴിപാടായ ഭക്തര്‍ നടത്തുന്ന പ്രാതല്‍, അത്താഴ കഞ്ഞി ഇവയൊക്കെ നടത്തുന്നുണ്ടോ ഇല്ലയോ എന്നുള്ളതിനെപറ്റി ഇപ്പോഴും ദേവസ്വം ബോര്‍ഡ് ഒരു തീരുമാനത്തിലും എത്തിയിട്ടില്ല. കുലവാഴ പുറപ്പാടിനുള്ളതുള്‍പ്പെടെ വിവിധ സമുദായങ്ങള്‍ നടത്തുന്ന താലപ്പൊലികള്‍, പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം നിജപ്പെടുത്തി കൊണ്ട് നടത്താനുള്ള അനുമതി ആവശ്യമാണ്. വൈക്കത്തഷ്ടമി ദിവസം എട്ട് ക്ഷേത്രങ്ങളില്‍ നിന്നുമുള്ള എഴുന്നളളത്തുകളാണ് വൈക്കത്തമ്പലത്തില്‍ സംഗമിക്കുന്നത്. അതാണ് ആചാരം. ഇപ്പോള്‍ അതില്‍ കുറേ ക്ഷേത്രങ്ങളെ മാത്രം പങ്കെടുപ്പിക്കുകയും കുറേ ഒഴിവാക്കുകയും ചെയ്യുന്ന രീതി ശരിയല്ല. പരമ്പരാഗതമായി പങ്കെടുത്തു കൊണ്ടിരിക്കുന്ന ക്ഷേത്രങ്ങളില്‍ നിന്നുമുള്ള എഴുന്നുള്ളത്തുകള്‍ക്ക് വേണ്ടി ദേവസ്വം ബോര്‍ഡ് അധികാരികളില്‍ നിന്നും ഒരുമിച്ച് അനുമതി വാങ്ങി ആചാരം നിലനിര്‍ത്താനെങ്കിലും ശ്രമിക്കേണ്ടതാണന്നുള്ള അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു. യൂണിയന്‍ പ്രസിഡന്റ് എസ് മധുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി എം.സി ശ്രീകുമാര്‍, എന്‍.ജി ബാലചന്ദ്രന്‍, പി.എന്‍ രാധാകൃഷ്ണന്‍ നായര്‍, എം ഗോപാലകൃഷ്ണന്‍, സി.പി നാരായണന്‍ നായര്‍, എസ് ജയപ്രകാശ്, കെ.എസ് സാജുമോന്‍, എന്‍ മധു, പി വേണുഗോപാല്‍, എസ് നവകുമാരന്‍ നായര്‍, പി.എസ് വേണുഗോപാല്‍, പി പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.