Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: പുള്ളി സന്ധ്യവേല എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി
13/10/2021
വൈക്കത്തഷ്ടമിയുടെ പ്രാരംഭ ചടങ്ങായ പുള്ളി സന്ധ്യവേലയുടെ രണ്ടാം ദിനത്തില്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്ന എഴുന്നള്ളിപ്പ്.

വൈക്കം: ആചാരപെരുമയില്‍ നടന്ന വൈക്കത്തപ്പന്റെ എഴുന്നള്ളിപ്പ് ക്ഷേത്രനഗരിയെ ഭക്തി സാന്ദ്രമാക്കി. വൈക്കത്തഷ്ടമിയുടെ പ്രാരംഭ ചടങ്ങായ പുളളി സന്ധ്യവേലയുടെ രണ്ടാം നാളില്‍ നടന്ന എഴുന്നള്ളിപ്പ് ദര്‍ശിക്കാന്‍ നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. പ്രഭാത പൂജകള്‍ക്കും വിശേഷാല്‍ ചടങ്ങുകള്‍ക്കും ശേഷം വൈക്കത്തപ്പനെ പുറത്തേക്ക് എഴുന്നള്ളിച്ചു. മേല്‍ശാന്തിമാരായ ടി.ഡി നാരായണന്‍ നമ്പൂതിരി, ടി.എസ് നാരായണന്‍ നമ്പൂതിരി, ശ്രീധരന്‍ നമ്പൂതിരി, അനൂപ് നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ഗജരാജന്‍ കണ്ടിയൂര്‍ പ്രേം ശങ്കര്‍ തിടമ്പേറ്റി. വെച്ചൂര്‍ രാജേഷ്, വൈക്കം പവിത്രന്‍, വൈക്കം സമോദ്, വെച്ചൂര്‍ വൈശാഖ്, വടയാര്‍ ബാബു, വൈക്കം ഷിബു എന്നിവരും കലാപീഠം വിദ്യാര്‍ഥികളും മേളം ഒരുക്കി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിനു മൂന്നു പ്രദക്ഷിണം പൂര്‍ത്തിയാക്കി സന്ധ്യവേല സമാപിച്ചു. വൈകിട്ടും ഇതേ രീതിയില്‍ എഴുന്നള്ളിപ്പ് നടന്നു. ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ കെ ശ്രീലത, അസി. കമ്മീഷണര്‍ ഡി ജയകുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എം.ജി മധു എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്നുള്ള പുള്ളി സന്ധ്യവേല, ഒക്‌ടോബര്‍ 15നും 17നുമായി നടക്കും. വൈക്കം ക്ഷേത്രത്തില്‍ നവംബര്‍ 16ന് ഉത്സവത്തിന് കൊടിയേറും. 27നാണ് വൈക്കത്തഷ്ടമി. 28ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.