Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: പുളളി സന്ധ്യവേല ആരംഭിച്ചു
11/10/2021
വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ പ്രാരംഭ ചടങ്ങായ പുള്ളി സന്ധ്യവേല എഴുന്നള്ളിപ്പ്.

വൈക്കം: അഷ്ടമിയുടെ പ്രാരംഭ ചടങ്ങായ പുളളി സന്ധ്യവേല ആരംഭിച്ചു. തിങ്കളാഴ്ച പ്രഭാത പൂജകള്‍ക്ക് ശേഷം വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരന്‍ കണ്ടിയൂര്‍ പ്രേംശങ്കര്‍ തിടമ്പേറ്റി. വെച്ചൂര്‍ രാജേഷ്, ചേര്‍ത്തല അജിത്കുമാര്‍, കലാപീഠം പ്രകാശന്‍, വടയാര്‍ ബാബു, വെച്ചൂര്‍ വൈശാഖ്, വൈക്കം സുമോദ്, വൈക്കം പവിത്രന്‍, വൈക്കം കാര്‍ത്തിക്, വൈക്കം ഷിബു എന്നിവരും ക്ഷേത്രകലാപീഠം വിദ്യാര്‍ഥികളും ഒരുക്കിയ വാദ്യമേളങ്ങള്‍ എഴുനള്ളിപ്പിന് അകമ്പടിയായി. ഉത്സവത്തിന് മുമ്പ് ദേവസ്വം ഭാരവാഹികളും ഭക്തജനങ്ങളും വൈക്കത്തപ്പന് ആഘോഷപൂര്‍വം അര്‍പ്പിക്കുന്ന ചടങ്ങാണ് സന്ധ്യവേല. തിരുവിതാംകൂര്‍ മഹാരാജാവ് മാര്‍ത്താണ്ഡവര്‍മ ചേര്‍ത്തല, ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങള്‍ യുദ്ധം ചെയ്തു കീഴടക്കിയപ്പോള്‍ ആ യുദ്ധത്തില്‍ മരണമടഞ്ഞ അവകാശികളില്ലാത്ത പടയാളികളുടെ കുടിശിക ശമ്പളത്തിന്റെ പലിശ കൊണ്ട് ഒന്നിടവിട്ട നാലു ദിവസങ്ങളിലായി നടത്തിയിരുന്നതാണ് പുള്ളി സന്ധ്യവേല. ഇപ്പോള്‍ ദേവസ്വത്തിന്റെ അടിയന്തരമാണ് നടത്തുന്നത്. ഒക്ടോബര്‍ 13, 15, 17 തീയതികളിലുമാണ് തുടര്‍ന്നുള്ള പുള്ളി സന്ധ്യവേല എഴുന്നള്ളിപ്പ്. കോവിഡ് മാനദണ്ഡങള്‍ പൂര്‍ണമായി പാലിച്ചാണ് സന്ധ്യവേല നടത്തുന്നതെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എം.ജി മധു അറിയിച്ചു.