Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തെ സംവരണവിരുദ്ധ പ്രചാരകരുടെ ഗൂഢലക്ഷ്യം തിരിച്ചറിയുക: എഐവൈഎഫ്
11/10/2021
എഐവൈഎഫ് തലയോലറമ്പ് മണ്ഡലം കണ്‍വന്‍ഷന്‍ സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്യുന്നു.  

വൈക്കം: സംവരണമാണ് വൈക്കത്തിന്റെ പ്രശ്‌നം എന്നു പ്രചരിപ്പിക്കുന്ന പ്രതിലോമ ശക്തികളുടെ ഗൂഢലക്ഷ്യത്തെ ഒറ്റപ്പെടുത്തണമെന്ന് എഐവൈഎഫ് വൈക്കം, തലയോലപ്പറമ്പ് മണ്ഡലം കണ്‍വന്‍ഷനുകള്‍ അംഗീകരിച്ച സംയുക്ത പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിനുവേണ്ടി ഇന്‍ഡ്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കെതിരെ നിരന്തരമായ പ്രചാരണമാണ് ഇക്കൂട്ടര്‍ നടത്തിവരുന്നത്. ജാതിയവും വര്‍ണപരവും ലിംഗപരവുമായ ഉച്ചനീചത്വങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ജനതയുടെ ഉന്നമനം ലക്ഷ്യം വെക്കുന്നതാണ് ഇന്‍ഡ്യന്‍ ഭരണഘടനയുടെ 15, 46, 332 അനുച്ഛേദങ്ങള്‍. പാര്‍ലമെന്റിന്റെ ഡീലിമിറ്റേഷന്‍ കമ്മിറ്റി ജനസംഖ്യാനുപാതികമായി സംസ്ഥാനങ്ങളിലെ സംവരണ മണ്ഡലങ്ങളുടെ എണ്ണം തീരുമാനിച്ച് സംവരണ വിഭാഗങ്ങളിലെ ജനങ്ങള്‍ കൂടുതലുള്ള മണ്ഡലങ്ങളെ സംവരണ മണ്ഡലമായി പ്രഖ്യാപിക്കുന്ന രീതിയാണ് നിലവിലുള്ളത്. വൈക്കം മണ്ഡലത്തില്‍ ജില്ലയിലെ മറ്റുമണ്ഡലങ്ങളെ അപേക്ഷിച്ച് പട്ടികജാതി വിഭാഗത്തിലുള്ളവരുടെ എണ്ണം കൂടുതലുള്ളതുകൊണ്ടാണ് വൈക്കം മണ്ഡലത്തെ സംവരണ മണ്ഡലമായി പാര്‍ലമെന്റിന്റെ ഡീലിമിറ്റേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുള്ളത്.
വൈക്കം മണ്ഡലത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ക്കനുസരിച്ച് നിരവധിയായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ കഴിഞ്ഞ കാലങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാന വികസനത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടത്തിയിട്ടുള്ളത്. ആരോഗ്യ വിദ്യാഭ്യാസ ഗതാഗത മേഖലകളില്‍ എല്ലാം നല്ലരീതിയിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞ കാലങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ക്ക് സാധിച്ചിട്ടുണ്ട്. വൈക്കത്തെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതപരിഹാരമുണ്ടാക്കാനും ഇക്കാലയളവില്‍ കഴിഞ്ഞു. ചില വികസന പ്രവൃത്തികളില്‍ സാങ്കേതികമായി വരുന്ന തടസ്സങ്ങളെ പര്‍വതീകരിച്ച് വൈക്കത്തിന്റെ വികസനമുരടിപ്പിന് കാരണം സംവരണം ആണ് എന്നുപ്രചരിപ്പിക്കുന്നവര്‍ പഴയകാലത്തെ ഫ്യൂഡല്‍ സവര്‍ണ മേധാവിത്വത്തിന്റെ ജീര്‍ണതകളെ ഇന്നും മനസ്സില്‍ താലോലിക്കുന്നവരാണ്. ഈ കൂട്ടര്‍ക്ക് സ്തുതി പാടുന്നതിനായി സംവരണ വിഭാഗത്തിലെ ചില ആളുകള്‍ മുന്നോട്ടുവരുന്നത് ആശ്ചര്യകരമാണ്. സംവരണ വിഭാഗങ്ങളെ പഴയജാതി മനോഭാവം വെച്ചുകൊണ്ടുകാണുന്ന ഇത്തരം സവര്‍ണ പിന്തിരിപ്പന്‍ ശക്തികള്‍ക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും എഐവൈഎഫ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വൈക്കം, തലയോലപ്പറമ്പ് മണ്ഡലം കണ്‍വന്‍ഷനുകള്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്തു.
ഇണ്ടംതുരുത്തിമനയില്‍ നടന്ന വൈക്കം മണ്ഡലം കണ്‍വന്‍ഷനില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സികെ ആശ എംഎല്‍എ, ജില്ലാ സെക്രട്ടറി പി പ്രദീപ്, സംസ്ഥാന കമ്മിറ്റി അംഗം എസ് ബിജു, സിപിഐ മണ്ഡലം അസി. സെക്രട്ടറി കെ അജിത്ത്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വി.കെ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.  ഭാരവാഹികളായി ജില്‍ജിത്ത് (പ്രസിഡന്റ്), വി.ടി മനീഷ്, സുജിത് സുരേഷ് (വൈസ് പ്രസിഡന്റുമാര്‍), സജീവ് ബി ഹരന്‍ (സെക്രട്ടറി), വൈശാഖ് പ്രദീപന്‍, എ.കെ അഖില്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

നാനാടം ആതുരാശ്രമം സ്‌കൂള്‍ ഹാളില്‍ നടന്ന തലയോലറമ്പ് മണ്ഡലം കണ്‍വന്‍ഷനില്‍ സിപിഐ മണ്ഡലം സെക്രട്ടറി ജോണ്‍ വി ജോസഫ്, സി.കെ ആശ എംഎല്‍എ, എഐവൈഎഫ് ജില്ലാ സെക്രട്ടറി പി പ്രദീപ്, എസ് ബിജു, അഡ്വ. എം.ജി രഞ്ജിത്ത്, പിഎസ് പുഷ്പമണി, സാബു പി മണലൊടി, ആര്‍ ബിജു, കെ വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.എസ് അര്‍ജുന്‍ (പ്രസിഡന്റ്), അപ്പു പുഷ്‌കരന്‍, സി.എസ് അഭിജിത്ത്, സ്‌നേഹലക്ഷ്മി (വൈസ് പ്രസിഡന്റുമാര്‍), പി.ആര്‍ ശരത് കുമാര്‍ (സെക്രട്ടറി), കെ.എസ് അനൂജ്, മാത്യൂസ് ദേവസ്യ, ദീപു പുരുഷന്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.