Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സാഹിത്യപുരസ്‌കാരം കെ.കെ കൊച്ചിന് സമ്മാനിച്ചു
09/10/2021
യുവകലാസാഹിതി യുഎഇ ഷാര്‍ജ ഘടകവും വൈക്കം മണ്ഡലം കമ്മിറ്റിയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സാഹിത്യപുരസ്‌കാരദാന സമ്മേളനം ഇണ്ടംതുരുത്തി മനയില്‍ സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ദലിത് സാഹിത്യകാരന് ഇണ്ടംതുരുത്തി മനയില്‍വച്ച് ആദരവ് നല്‍കാനായത് ചരിത്രത്തിന്റെ മധുരമായ പകവീട്ടലാണെന്ന് സി.കെ ആശ എംഎല്‍എ. വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സാഹിത്യപുരസ്‌കാരദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അപ്രിയ സത്യങ്ങളെ നിറതോക്ക് കൊണ്ട് അവസാനിപ്പിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ദലിത് പീഡനങ്ങള്‍ ഇന്നും തുടരുയാണ്. വൈക്കം പോലും സംവരണ മണ്ഡലമായതുകൊണ്ടാണ് വികസനം പിന്നോട്ടടിക്കുന്നതെന്ന് ആക്ഷേപിക്കുന്ന സവര്‍ണചിന്ത ഇന്നും ഇവിടെ ശക്തമായി നിലനില്‍ക്കുകയാണ്. മണ്ഡലത്തിന്റെ വികസന പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്ന ആക്ഷേപം പിന്നോക്കമണ്ഡലമായതുകൊണ്ടാണ് എന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. ദലിത് പീഡനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സി.കെ ആശ കൂട്ടിച്ചേര്‍ത്തു.
ചരിത്രത്തിന്റെ ഇരുണ്ട ഭൂപടത്തില്‍ കിടന്ന പിന്നോക്ക ജനതയുടെ സ്വത്വാവിഷ്‌കാരം നടത്തിയ ആളാണ് അവാര്‍ഡിന് അര്‍ഹനായ കെ.കെ കൊച്ച് എന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മഹാത്മഗാന്ധിയെ ജാതിയില്‍താഴ്ന്നവനെന്നു പറഞ്ഞ് പുറത്തിരുത്തിയ ഇണ്ടംതുരുത്തി മനയില്‍വച്ച് ദലിത് എഴുത്തുകാരനെ ആദരിക്കാനായത് ഉചിതമായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  
യുവകലാസാഹിതി യുഎഇ ഷാര്‍ജ ഘടകവും വൈക്കം മണ്ഡലം കമ്മിറ്റിയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പുരസ്‌കാരം ചിന്തകനും എഴുത്തുകാരനുമായ കെ.കെ കൊച്ചിന്  ആലങ്കോട് ലീലാകൃഷ്ണന്‍ സമ്മാനിച്ചു. നല്‍കി. കൊച്ചിന്റെ 'ദലിതന്‍' എന്ന ആത്മകഥക്കാണ് ഈ വര്‍ഷത്തെ പുരസ്‌കാരം നല്‍കിയത്. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് അരവിന്ദന്‍ കെ.എസ് മംഗലം അധ്യക്ഷത വഹിച്ച യോഗത്തില്‍ എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എന്‍.എം പിയേഴ്സണ്‍ മുഖ്യപ്രഭാഷണം നടത്തി. വൈക്കം ചന്ദ്രശേഖരന്‍ നായരുടെ പുത്രന്‍ സി ഗൗരീദാസന്‍ നായര്‍ പിതൃസ്മരണ നടത്തി. കൊതിക്കല്ല് രചയിതാവ് കെ.ഡി വിശ്വനാഥനെ ചടങ്ങില്‍ ആദരിച്ചു. യുവകലാസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എം സതീശന്‍, സംസ്ഥാന സെക്രട്ടറി കെ ബിനു, ജില്ലാ സെക്രട്ടറി ആനിക്കാട് ഗോപിനാഥ്, മണ്ഡലം സെക്രട്ടറി പി.എസ് മുരളീധരന്‍, സാംജി ടി.വി പുരം, രാജന്‍ അക്കരപ്പാടം, ശ്രീലത വര്‍മ, യുവകലാസാഹിതി ഷാര്‍ജ ഘടകം പ്രസിഡന്റ് ജിബി ബേബി, കെ അജിത്ത്, എന്‍ അനില്‍ ബിശ്വാസ്, കെ.വി സുമ, പി.ആര്‍ രജനി, സലിം മുല്ലശേരി, ടി.കെ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.