Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വേമ്പനാട്ട് കായല്‍ സംരക്ഷണം: മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ശില്‍പശാല നടത്തി
06/10/2021
മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ (എഐടിയുസി) നേതൃത്വത്തില്‍ നടത്തിയ വേമ്പനാട്ട് കായല്‍ സംരക്ഷണ പ്രക്ഷോഭവും, സംസ്ഥാനതല ശില്‍പശാലയും സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നാശത്തിന്റെ വക്കിലായ വേമ്പനാട്ട് കായലിനെ സംരക്ഷിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണെന്ന് സി.കെ ആശ എംഎല്‍എ. മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ (എഐടിയുസി) നേതൃത്വത്തില്‍ നടത്തിയ വേമ്പനാട്ട് കായല്‍ സംരക്ഷണ പ്രക്ഷോഭവും, സംസ്ഥാനതല ശില്‍പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. ഡോ.കെ.ജി.പദ്മകുമാര്‍ വിഷയാവതരണം നടത്തി. ജനറല്‍ സെക്രട്ടറി ടി രഘുവരന്‍, ജില്ലാ സെക്രട്ടറി ഡി ബാബു, പി.രാജു, എം.കെ ഉത്തമന്‍, കെ.എസ് രത്നാകരന്‍, എലിസബത്ത് അസീസ്, കെ അജിത്ത്, കുമ്പളം രാജപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വേമ്പനാട്ട് കായലില്‍ എക്കലും ചെളിയും അടിഞ്ഞു നികന്നു വരുകയാണ്. കായലിന്റെ ആഴം 7 മീറ്ററില്‍ നിന്ന് ഏകദേശം 2.5 മീറ്ററായി ചുരുങ്ങി.  കായലില്‍ മണല്‍ തിട്ടകള്‍ രൂപപ്പെടുന്നത് മൂലം വേലിയേറ്റവും വേലിയിറക്കവും ദുര്‍ബലപ്പെടുന്നു. ഇതുമൂലം കഴിഞ്ഞ പ്രളയത്തില്‍ നൂറുകണക്കിന് പ്രദേശങ്ങള്‍ വെള്ളത്തിലായി. രാസമാലിന്യങ്ങളും, അറവു മാലിന്യങ്ങളും, പ്ലാസ്റ്റിക്കുകളും നിറഞ്ഞു കായലിലെ ആവാസ വ്യവസ്ഥ താളം തെറ്റി. മത്സ്യ പ്രജനനം നടത്താന്‍ കഴിയാതെ, പല മത്സ്യങ്ങളും വംശനാശത്തിന്റെ വക്കിലാണ്. നിയന്ത്രണമില്ലാത്ത കായല്‍ കൈയ്യേറ്റം മൂലം വേമ്പനാട്ട് കായലിന്റെ വിസ്തൃതി മൂന്നില്‍ ഒന്നായി ചുരുങ്ങി. തണ്ണീര്‍മുക്കം ബണ്ടിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതിനാല്‍ മത്സ്യസമ്പത്തില്‍ വന്‍ കുറവ് ഉണ്ടായി. കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നിന്നും തള്ളി വിടുന്ന പായലുകളും, പുല്‍ കെട്ടുകളും കൊണ്ട് കായല്‍ നിറയുന്നതോടെ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗം നിലച്ച സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ശില്‍പശാല നടത്തിയത്. തണ്ണീര്‍മുക്കം ബണ്ട് പരീക്ഷണ അടിസ്ഥാനത്തില്‍ ഒരു വര്‍ഷം തുറന്നിടണം, മത്സ്യങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഫിഷ് പാസ് വേ നിര്‍മിക്കണം എന്നീ ആവശ്യങ്ങളും ശില്‍പശാലയില്‍ ഉന്നയിച്ചു. നവംബര്‍ 20ന് ആലപ്പുഴ മുതല്‍ കോട്ടപ്പുറം വരെ ടി.രഘുവരന്‍ ക്യാപ്റ്റനും, എം.കെ ഉത്തമന്‍ വൈസ് ക്യാപ്റ്റനുമായി സംസ്ഥാനതല കായല്‍ജാഥ നടത്താനും യോഗത്തില്‍ തീരുമാനിച്ചു.