Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യഗ്രഹ സ്മാരകത്തിലേക്ക് സൈക്കില്‍ റാലിയായെത്തി തേവര എസ്.എച്ച് കോളജിലെ വിദ്യാര്‍ഥികള്‍
03/10/2021
സ്വഛ് ഭാരത് ആസാദി ക മഹോത്സവിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ തേവര സേക്രഡ് ഹെര്‍ട്‌സ് കോളജില്‍ നിന്ന് സൈക്കിള്‍ റാലിയായി വൈക്കം സത്യഗ്രഹ സ്മാരകം സന്ദര്‍ശിക്കാന്‍ എത്തിയ വിദ്യാര്‍ഥികളെ സി.കെ ആശ എംഎല്‍എ സ്വീകരിക്കുന്നു.

വൈക്കം: ഗാന്ധിജയന്തി ദിനത്തില്‍ സത്യഗ്രഹ സ്മാരകത്തിന് മുന്‍പിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ തേവര എസ്.എച്ച് കോളജിലെ 75 വിദ്യാര്‍ഥികള്‍ സൈക്കിള്‍ റാലിയായി എത്തി. സ്വഛ്  ഭാരത് ആസാദി ക മഹോത്സവിന്റെ ഭാഗമായി, കോളജിലെ എന്‍എസ്എസ്, ഹയര്‍ സെക്കന്‍ഡറി എന്നീ വിഭാഗങ്ങളും, പെഡലേഴ്‌സ് ഓര്‍ഗനൈസേഷനും സംയുക്തമായി ചേര്‍ന്നാണ് സൈക്കിള്‍ റാലി നടത്തിയത്. എ റൈഡ് ഫോര്‍ ഫിറ്റ് ഇന്ത്യ എന്ന സന്ദേശം ഉയര്‍ത്തി, ആരോഗ്യ പൂര്‍ണമായ പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിന്റെയും, പരിസ്ഥിതി സൗഹൃദപരമായ വാഹനങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെയും, സ്ത്രീ പുരുഷ സമത്വത്തിന്റെയും പ്രാധാന്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് സൈക്കിള്‍ റാലി സംഘടിപ്പിച്ചത്. കോളജില്‍ നിന്ന് രാവിലെ 6.30ന് പ്രിന്‍സിപ്പല്‍ ഡോ. ഫാ. ജോസ് ജോണ്‍ ഫ്‌ളാാഗ് ഓഫ് ചെയ്ത റാലി മുപ്പതിലധികം കിലോമീറ്റര്‍ സഞ്ചരിച്ച്, 10 മണിയോട വൈക്കത്ത് എത്തി. സി.കെ ആശ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, പ്രതിപക്ഷ നേതാവ് കെ.പി.സതീശന്‍ എന്നിവര്‍ സൈക്കിള്‍ റാലി സംഘത്തിന് സ്വീകരണം നല്‍കി. കോളജിലെ പൂര്‍വവിദ്യാര്‍ഥിയും, മുന്‍ നഗരസഭാ കൗണ്‍സിലറുമായ ജയ്‌ജോണ്‍ പേരയില്‍, കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ഫാ.ജോസഫ് കുസുമാലയം എന്നിവരുടെ നേതൃത്വത്തില്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും, മ്യൂസിയം സന്ദര്‍ശനവും നടത്തിയ ശേഷമാണ് സംഘം മടങ്ങിയത്. എന്‍എസ്എസ് ക്യാപ്റ്റന്‍ ഡോ.ജൂണ്‍ സിറിയക്, എസ്.ഡി.ഒ എബിന്‍ അമ്പിളി തുടങ്ങിയവര്‍ സൈക്കിള്‍ റാലിക്ക് നേതൃത്വം നല്‍കി.
വൈക്കം സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ മ്യൂസിയത്തിനുമുന്നിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. സി.കെ ആശ എംഎല്‍എ ജയന്തിദിന സന്ദേശം നല്‍കി. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, മ്യൂസിയം സൂപ്രണ്ട് പി.കെ സജീവ് എന്നിവര്‍ പങ്കെടുത്തു.
തലയാഴം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന, വൈക്കം-വെച്ചൂര്‍ റോഡ് ശുചീകരണം എന്നിവയോടെ ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനിമോന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.എല്‍ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.
ഒരു നേരത്തെ ആഹാരത്തിന് വേണ്ടി വിഷമിക്കുന്ന തെരുവ് ജീവിതങ്ങളെ ഒരു സ്ഥലത്ത് വിളിച്ചു വരുത്തി വിഭവസമൃദ്ധമായ ഭക്ഷണം നല്‍കി ആശ്രയ സന്നദ്ധ സേവന സംഘടന ഗാന്ധിജയന്തി ആഘോഷിച്ചു.  ദളവാകുളം ബസ് സ്റ്റാന്‍ഡില്‍ മേശയിട്ട് തൂശനില നിരത്തി അതിലാണ് പത്തുകൂട്ടം കറികളും ഉണക്കലരിച്ചോറും പപ്പടവും പാല്‍പായസവും വിളമ്പിയത്. ഗാന്ധിജിയുടെ ഛായാചിത്രം അലങ്കരിച്ച്  വച്ച് പുഷ്പാര്‍ച്ചന നടത്തി, ദീപം തെളിയിച്ച ശേഷമാണ് ഭക്ഷണ വിളമ്പിയത്. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, ആശ്രയ ചെയര്‍മാന്‍ ഇടവട്ടം ജയകുമാര്‍, കണ്‍വീനര്‍ ബി ചന്ദ്രശേഖരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.