Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാര്‍ഷിക മേഖലക്ക് ഉണര്‍വേകി വനം വടക്ക് പാടശേഖരത്തില്‍ ഒരു മീനും ഒരു നെല്ലും പദ്ധതി തുടങ്ങി
30/09/2021
തലയാഴം പഞ്ചായത്തിലെ വനം വടക്ക് പാടശേഖരത്തില്‍ ഒരു മീനും ഒരു നെല്ലും പദ്ധതിയുടെ ഭാഗമായി മത്സ്യകുഞ്ഞുങ്ങളെ തലയാഴം പഞ്ചായത്ത് പ്രസിഡന്റ് കെ ബിനിമോന്‍ നിക്ഷേപിക്കുന്നു.

വൈക്കം: തലയാഴം പഞ്ചായത്തിലെ വനം വടക്ക് പാടശേഖരത്ത് 287 ഏക്കറില്‍ സര്‍ക്കാര്‍ പദ്ധതിയായ ഒരു മീനും ഒരു നെല്ലും പദ്ധതിക്ക് തുടക്കമായി. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ 168 കര്‍ഷകര്‍ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു മീനും ഒരു നെല്ലും പദ്ധതി നടത്തി നേട്ടങ്ങള്‍ കൊയ്ത അനുഭവത്തോടെയാണ് ഇക്കുറിയും കൃഷിയിറക്കുന്നത്. വിവിധ ഇനങ്ങളില്‍പെട്ട മൂന്നരലക്ഷം മത്സ്യ കുഞ്ഞുങ്ങളെ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനിമോന്‍ പാടശേഖരത്ത് നിക്ഷേപിച്ചു. ആറു മാസം കൊണ്ട് വളര്‍ച്ച പൂര്‍ത്തിയാക്കുമെന്നാണ് കണക്ക്കൂട്ടല്‍. നെല്‍കൃഷിയിലും മത്സ്യ കൃഷിയിലും ലാഭം ഉണ്ടാക്കി ഓരോ കര്‍ഷകന്റെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. മീന്‍ വളര്‍ത്തുന്ന പാടശേഖരത്ത് നെല്‍കൃഷി ലാഭകരമാകും. പാടശേഖരം ശുചീകരിക്കുന്ന ജോലി ഒഴിവാക്കാനും മീനിനു കൊടുക്കുന്ന തീറ്റയും മറ്റും നെല്‍കൃഷിയുടെ വിളവിന് സഹായകരമാകുമെന്ന കാഴ്ച്ചപ്പാടും ഒരു മീനും ഒരു നെല്ലും പദ്ധതിയെ വിജയകരമാക്കുന്നു. വിരിപ്പു കൃഷിയുടെ വിളവെടുപ്പിന് ശേഷമാണ് മത്സ്യ കൃഷി നടത്തുന്നത്. മത്സ്യ കുഞ്ഞ് നിക്ഷേപ ചടങ്ങില്‍ വനം വടക്ക് പാടശേഖര നെല്ലുല്‍പാദക സമിതി പ്രസിഡന്റ് വി ശശിധര ശര്‍മ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ് ബേബി, വാര്‍ഡ് മെമ്പര്‍ എസ് ദേവരാജന്‍, സഹകരണ ബാങ്ക് പ്രസിഡന്റ് ജെ.പി ഷാജി, ഫിഷറീസ് ഉദ്യോഗസ്ഥരായ ബീന ജോസഫ്, പി.എസ് സരിത, മീര മധു എന്നിവര്‍ പങ്കെടുത്തു.