Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കണം: സിപിഐ
26/09/2021

വൈക്കം: വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വീസ് ഉടന്‍ പുനരാരംഭിക്കണമെന്ന് സിപിഐ വൈക്കം ടൗണ്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതോടെ യാത്രക്കാരുടെ എണ്ണവും വര്‍ധിച്ച സാഹചര്യത്തില്‍ ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്. ദിനംപ്രതി നൂറുകണക്കിനാളുകള്‍ സഞ്ചരിച്ചിരുന്ന ജങ്കാര്‍ സര്‍വീസ് നിലച്ചുപോയ അവസ്ഥയിലായിരുന്നത് കഴിഞ്ഞ എല്‍ഡിഎഫ് കൗണ്‍സിലിന്റെ കാലത്താണ് പുനരാരംഭിച്ചത്. വൈക്കം നഗരസഭയുടെയും, പള്ളിപ്പുറം പഞ്ചായത്തിന്റെയും സംയുക്ത കമ്മിറ്റിക്കാണ് ജങ്കാര്‍ സര്‍വീസിന്റെ നടത്തിപ്പ് ചുമതല.  വൈക്കത്തു നിന്നും ചേര്‍ത്തലയില്‍ പോകാനുള്ള വാഹനങ്ങള്‍ ഏകദേശം 20 കിലോമീറ്ററോളം ചുറ്റി സഞ്ചരിച്ച് തണ്ണീര്‍മുക്കം ബണ്ട് വഴിയാണ് പോകുന്നത്. ഇതുമൂലമുള്ള സമയ നഷ്ടവും ഇന്ധന ചെലവും ഏറെയാണ്. കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്തെ പൊതുഗതാഗതം നിശ്ചലമായപ്പോഴാണ് ജങ്കാര്‍ സര്‍വീസ് നിലച്ചത്. നിലവില്‍ പൊതുഗതാഗത സംവിധാനങ്ങളെല്ലാം സജീവമായിട്ടും ജങ്കാര്‍ പുനരാരംഭിക്കാന്‍ യാതൊരു നടപടിയും നഗരസഭ സ്വീകരിക്കുന്നില്ല. രണ്ട് ജില്ലകള്‍ തമ്മിലുള്ള ദൂരം ലഘൂകരിക്കുക വഴി ചരക്ക് നീക്കം ചെലവ് കുറഞ്ഞതാകുമ്പോള്‍ നിര്‍മാണ മേഖലയിലടക്കം സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണുണ്ടാവുക. ജനക്ഷേമ പ്രവര്‍ത്തനങ്ങളോട് മുഖം തിരിച്ചു നില്‍ക്കുന്ന സമീപനം മാറ്റി വച്ച് ജനങ്ങളുടെ പ്രധാന ആവശ്യമായ ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കാന്‍ നഗരസഭ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ലോക്കല്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എന്‍ അനില്‍ ബിശ്വാസ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഡി.രഞ്ജിത്ത് കുമാര്‍, അഡ്വ. കെ പ്രസന്നന്‍, ലോക്കല്‍ സെക്രട്ടറി കെ.വി ജീവരാജന്‍, എ സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.