Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം കായലോര ബീച്ച്: നഗരസഭയുടെ ആരോപണം വാസ്തവവിരുദ്ധം - സി.കെ ആശ എംഎല്‍എ
20/09/2021
വൈക്കം കായലോര ബീച്ച് സംബന്ധിച്ച വിവാദത്തില്‍ സികെ ആശ എംഎല്‍എ നിലപാട് വിശദീകരിക്കുന്നു.

വൈക്കം: കായലോര ബീച്ച് റവന്യു വകുപ്പിനെകൊണ്ട് തിരിച്ചെടുപ്പിച്ച് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നതിന് എംഎല്‍എ ശ്രമം നടത്തുന്നുവെന്ന നഗരസഭയുടെ ആരോപണം വാസ്തവ വിരുദ്ധവും തീര്‍ത്തും അപഹാസ്യവുമാണെന്ന് സി.കെ ആശ എംഎല്‍എ. 2020-21 സംസ്ഥാന ബജറ്റില്‍ ഒന്‍പത് കോടി രൂപ സര്‍ക്കാര്‍ ബീച്ചില്‍ സ്‌പോര്‍ട്ട്‌സ്, ടൂറിസം, കള്‍ച്ചറല്‍ പദ്ധതികള്‍ക്കായി പ്രഖ്യാപിക്കുകയും അതിന്റെ പദ്ധതി രേഖ തയ്യാറാക്കുന്നതിനായി ടൂറിസം ഡെപ്യൂട്ടി ഡയറക്ടറും ആര്‍ക്കിടെക്ടും സ്ഥലം സന്ദര്‍ശിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ ഇത് നഗരസഭയുടെ പദ്ധതിയാണെന്ന് നഗരസഭാ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും അവകാശവാദമുന്നയിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. ഇത് വസ്തുതാവിരുദ്ധമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതിന്റെ ജാള്യതമറക്കാന്‍ വൈക്കത്ത് വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നതിന്റെ ഭാഗമായാണ്   1988 മുതല്‍ ബീച്ച് സംബന്ധിച്ച് റവന്യു വകുപ്പും നഗരസഭയും തമ്മില്‍ നടക്കുന്ന നിയമ പ്രശ്‌നത്തിലേക്ക് തന്റെ പേര് ബോധപൂര്‍വം നഗരസഭാ അധ്യക്ഷ വലിച്ചിഴയ്ക്കുന്നതെന്ന് സി.കെ ആശ ആരോപിച്ചു. സ്വന്തം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ ഉണ്ടായ വീഴ്ച മറച്ചുവച്ചു കൊണ്ട് വികസന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്ന നഗരസഭയുടെ നടപടി അപലപനീയമാണ്. വൈക്കത്തെ ബീച്ചിന്റെ വിഷയത്തില്‍ മാത്രമല്ല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള എല്ലാ വസ്തുവകകളും അതാതു തദ്ദേശ സ്ഥാപനങ്ങളുടെ അധീനതയില്‍ തന്നെ തുടരണമെന്ന് തന്നെയാണ് തന്റെ നിലപാട്. അതുകൊണ്ട് തന്നെയാണ് 1988ല്‍ പി.എസ് ശ്രീനിവാസന്‍ റവന്യു വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ നഗരസഭയ്ക്ക് കൈമാറിയ കായല്‍ പുറമ്പോക്ക് നഗരസഭയുടെ പേരില്‍ കരം തീര്‍ക്കുന്നതിനും തണ്ടപ്പേര് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നതിനുമായി നഗരസഭ അധികാരികളോടൊപ്പം പരിശ്രമിച്ചത്. കഴിഞ്ഞ ഭരണസമിതിയോടൊപ്പവും തുടര്‍ന്നു ഭരണത്തിലേറിയ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷും, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷുമായി ചേര്‍ന്നും അന്നത്തെ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെ കണ്ടതും അതിന്റെ ഭാഗമാണ്. എന്നാല്‍ ഇതെല്ലാം മറച്ചുവച്ചുകൊണ്ട്  വ്യാജ പ്രചചാരണങ്ങള്‍ നടത്തുന്നത് വികസനപ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കാനേ ഉപകരിക്കൂ. നഗരസഭ നാടിന്റെ വികസനപ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ ഭേദമന്യേ ഒന്നിച്ചുനില്‍ക്കണമെന്നും ഇക്കാര്യങ്ങളില്‍ മുഴുവന്‍ ജനങ്ങളുടെയും പിന്തുണയുണ്ടാകണമെന്നും സികെ ആശ എംഎല്‍എ അഭ്യര്‍ത്ഥിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, സെക്രട്ടറിയേറ്റ് അംഗം എന്‍ അനില്‍ബിശ്വാസ് എന്നിവരും പങ്കെടുത്തു.