Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുവശാസ്ത്രജ്ഞര്‍ക്ക് വൈക്കം ശ്രീമഹാദേവ കോളേജിന്റെ ആദരം
07/09/2021
കോണ്‍ക്രീറ്റ് ബെയ്‌സില്‍ നിര്‍മിച്ച ഇന്‍ഡ്യയിലെ ആദ്യ ആംഫിബിയസ് ഹോം നിര്‍മാണ വിദ്യയുടെ ഉപജ്ഞാതാക്കള്‍ യുവശാസ്ത്ര പ്രതിഭകളായ നന്മ ഗിരീഷ്, ബെന്‍ കെ ജോര്‍ജ് എന്നിവരെ പി.ജി.എം നായര്‍ കാരിക്കോട് ആദരിക്കുന്നു.

വൈക്കം: വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന നൂതന സാങ്കേതിക വിദ്യയിലൂന്നിയുള്ള ആംഫിബിയസ് ഹോമിന്റെ മാതൃക വിജയകരമായി നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന സജ്ജരാക്കിയ യുവശാസ്ത്രജ്ഞര്‍ക്ക് ശ്രീ മഹാദേവ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആദരം. വൈക്കം ശ്രീ മഹാദേവ കോളേജില്‍ നടന്ന ചടങ്ങില്‍ ശാസ്ത്ര പ്രതിഭകളായ നന്മ ഗിരീഷ്, ബെന്‍ കെ ജോര്‍ജ് എന്നിവരെയാണ് സൊസൈറ്റി പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് പൊന്നാട അണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചത്. കുറവിലങ്ങാട് കോഴയില്‍ നിര്‍മിച്ചിട്ടുള്ള ആംഫിബിയസ് മാതൃകയുടെ ഉദ്ഘാടനം കൃഷിമന്ത്രി പി പ്രസാദാണ് നിര്‍വഹിച്ചത്. ജലവിധാനം ഉയരുന്നതിനുസരിച്ച് ഉയരുകയും വെള്ളം താഴ്ന്നു കഴിയുമ്പോള്‍ സാധാരണ നിലയില്‍ ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന വീടായി മാറുകയും ചെയ്യുന്ന ആംഫിബിയസ് ഹോം മാതൃക നെതര്‍ലന്‍ഡ്‌സില്‍ പരീക്ഷിച്ചു വിജയിച്ചതാണ്. എന്നാല്‍ ഇത് കേരളത്തിലെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ചു നിര്‍മിച്ചു വിജയിച്ച ഇന്‍ഡ്യയിലെ ആദ്യ വീടാണ് കോഴയിലേത്. ആര്‍ക്കമഡീസ് തത്വമനുസരിച്ച് രൂപകല്‍പന ചെയ്തിരിക്കുന്ന ഈ പദ്ധതിയുടെ മുഖ്യശില്‍പി നന്മ ഗിരീഷ് ആണ്. സിവില്‍ എഞ്ചിനീയറിങ് കഴിഞ്ഞു ട്രാന്‍സാക്ഷണല്‍ എഞ്ചിനീയറിങ്ങില്‍ എം ടെക് നേടി നാലു വര്‍ഷമായി ആംഫിബിയസ് ഹോം സ്ട്രക്ച്ചറില്‍ ഗവേഷണം നടത്തിയ നന്മ വിവിധ യൂറോപ്യന്‍ രാജ്യങ്ങളുടെ മാതൃക പഠിച്ചാണ് ഇന്‍ഡ്യന്‍ സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്ന വിവിധ മോഡലുകള്‍ തയ്യാറാക്കിയിട്ടുള്ളത്. ബെന്‍ കെ ജോര്‍ജ് എന്ന ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള മറ്റുള്ളവരും പദ്ധതിയില്‍ സജീവ പങ്കാളിത്തം വഹിക്കുന്നു. സ്വീകരണ സമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പാള്‍ സെറ്റിന പി പൊന്നപ്പന്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ട്രഷറര്‍ ആഷാ ഗിരീഷ്, ഓം ഫൗണ്ടേഷന്‍ പ്രസിഡന്റ് ആദര്‍ശ് എം നായര്‍, ബി മായ, പി.കെ നിതിയ, എം ശോണിമ, ബിച്ചു എസ് നായര്‍, എം.എ അനൂപ്, ടിന്റു, എസ് സ്‌നേഹ, എസ് ഐശ്വര്യ, ശ്രീലക്ഷ്മി ചന്ദ്രശേഖര്‍, എം.എസ് ശ്രീജ, എസ് രജിത എന്നിവര്‍ പ്രസംഗിച്ചു.