Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വന്‍വികസനത്തിനൊരുങ്ങി വൈക്കം കായലോര ബീച്ച്‌
07/09/2021
വൈക്കം കായലോര ബീച്ചില്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സി.കെ ആശ എംഎല്‍എ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എ ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുന്നു.

വൈക്കം: കായലോര ബീച്ചില്‍ വന്‍ വികസന പദ്ധതി നടപ്പിലാക്കുമെന്ന് സി കെ ആശ എംഎല്‍എ അറിയിച്ചു. 2021-22 സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഒന്‍പത് കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. തീരദേശ പരിപാലന നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് പരിസ്ഥിതി സൗഹൃദ പദ്ധതികളാകും ഇവിടെ നടപ്പിലാക്കുക. കെടിഡിസി റസ്റ്റോറന്റിനു പുറകിലായി കുട്ടികള്‍ക്ക് ജല കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. കലാ-സാംസ്‌കാരിക പരിപാടികള്‍ നടത്തുന്നതിനായി ഓപ്പണ്‍ സ്റ്റേജ്, കായിക വ്യായാമങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ഈ രംഗത്തെ വിദഗ്ധരുമായി കൂടിയാലോചിച്ച് വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിന് ടൂറിസം വകുപ്പ് എംപാനല്‍ ചെയ്തിട്ടുള്ള കമ്പനികളെ ചുമതലപ്പെടുത്തും. 2017 മെയിലാണ് വൈക്കം നഗരസഭ മനോഹരമായി ടൈലുകള്‍ പാകി നവീകരിച്ച് ഇരിപ്പിടങ്ങളും ലൈറ്റുകളും, എഫ്എം സംഗീതവും സജ്ജീകരിച്ച വൈക്കം കായലോര ബീച്ച് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. വികസന പദ്ധതികള്‍ സംബന്ധിച്ച് സി.കെ ആശ എംഎല്‍എ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എ ശ്രീകുമാര്‍, മുന്‍ നഗരസഭ ചെയര്‍മാന്‍മാരായ എന്‍ അനില്‍ബിശ്വാസ്, പി ശശിധരന്‍, നഗരസഭ കൗണ്‍സിലര്‍മാരായ അശോകന്‍ വെള്ളവേലി, എസ് ഹരിദാസന്‍ നായര്‍, എബ്രഹാം പഴയകടവന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബീച്ച് സന്ദര്‍ശിച്ച് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ച നടത്തി.