Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിനായക ചതുര്‍ത്ഥി ആഘോഷത്തിന് വൈക്കത്ത് ഒരുക്കങ്ങള്‍ തുടങ്ങി
06/09/2021
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നടത്തുന്ന വിനായക ചതുര്‍ത്ഥി ഉത്സവത്തിന്റെ വിഭവ സമാഹരണം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എം.ജി മധു നിര്‍വഹിക്കുന്നു.

വൈക്കം: വിനായക ചതുര്‍ത്ഥി ആഘോഷത്തിന് വൈക്കം ഒരുങ്ങി. വൈക്കത്തെ വിവിധ ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 10ന് ആചാരമനുസരിച്ചു ചടങ്ങുകളായി വിനായക ചതുര്‍ത്ഥി ആഘോഷിക്കും. കോവിഡ് മാനദണ്ഡം പൂര്‍ണമായി പാലിച്ചാണ് ചടങ്ങുകള്‍ നടത്തുന്നത്. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും. ദേവസ്വത്തിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ചടങ്ങിന്റെ വിഭവ സമാഹരണം ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എം.ജി മധു നിര്‍വഹിച്ചു. ഉപദേശക സമിതി ഭാരവാഹികളായ ഷാജി വല്ലൂത്തറ, പി.പി സന്തോഷ്, ബി.ഐ പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പന്തിരായിരം പുഷ്പാജ്ഞലി തുടങ്ങിയ ചടങ്ങുകളോടെ വിനായക ചതുര്‍ത്ഥി ആഘോഷിക്കും. ക്ഷേത്രത്തില്‍ നെടുംപുര ഉയര്‍ത്തി 1001 നാളികേരം ഉപയോഗിച്ചു നടത്തുന്ന ഗണപതി ഹോമത്തിന് തന്ത്രി മോനാട്ട് മന കൃഷ്ണന്‍ നമ്പൂതിരി, ചെറിയ കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി എ.വി ഗോവിന്ദന്‍ നമ്പൂതിരി, ക്ഷേത്ര കാര്യദര്‍ശി എ.ജി വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. വില്‍പാട്ട്, ഭഗവതി സേവ, തെക്കുപുറത്ത് ഗുരുതി, തീയാട്ട് എന്നിവയും ഉണ്ടാകും. ഉദയനാപുരം മോഴുവളളി ഭഗവതി ക്ഷേത്രത്തില്‍ മേല്‍ശാന്തി ജയന്‍ പുതുമനയുടെ കാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ  ഗണപതി ഹോമവും വൈകിട്ട് തേരോഴി രാമകുറുപ്പിന്റെ പഞ്ചവാദ്യവും ഉണ്ടാകും. കുടവെച്ചൂര്‍ ശാസ്ത ക്കുളം ക്ഷേത്രത്തില്‍ മേല്‍ശാന്തി ഹരി നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തും. വല്ലകം അരീകുളങ്ങര ഭഗവതി ക്ഷേത്രം, അയ്യര്‍കുളങ്ങര കുന്തി ദേവീക്ഷേത്രത്തിലും വിനയാക ചതുര്‍ത്ഥി ആചാരപ്രകാരം ആഘോഷിക്കും.