Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യകൃഷിയില്‍ വീട്ടമ്മയ്ക്ക് വിജയത്തിളക്കം
04/09/2021
ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ തലയാഴം ടോംസ് ഇന്റഗ്രേറ്റഡ് ഫാമില്‍ നടത്തിയ ബയോ ഫ്‌ലോക്ക് മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം സി.കെ ആശ എംഎല്‍എ നിര്‍വഹിക്കുന്നു.

വൈക്കം: പ്രവാസ ജീവിതത്തോട് വിടപറഞ്ഞു നാട്ടിലെത്തി മത്സ്യകൃഷി ആരംഭിച്ച വീട്ടമ്മയ്ക്ക് വിളവെടുപ്പില്‍ മികച്ച നേട്ടം. തലയാഴം പഞ്ചായത്തില്‍ മാരാംവീട് ശാലോം മാന്‍ഷ്യന്‍ വീട്ടില്‍ ബിന്നിമോള്‍ ടോമിച്ചനാണ് ബയോഫ്‌ളോക്ക് മത്സ്യകൃഷിയില്‍ വിജയം കൊയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി പ്രകാരം ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് ബിന്നിമോളിന്റെ ഉടമസ്ഥതയിലുള്ള ടോംസ് ഇന്റഗ്രേറ്റഡ് ഫാമില്‍ ബയോഫ്‌ളോക്ക് മത്സ്യകൃഷി നടപ്പാക്കിയത്. രണ്ടുപതിറ്റാണ്ടിലധികമായി അബുദാബിയില്‍  പ്രവാസജീവിതം നയിച്ചിരുന്ന ബിന്നിമോള്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 ജൂണിലാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. തുടര്‍ന്ന് ഭര്‍ത്താവ് ടോമിച്ചന്‍ ടി വര്‍ക്കിയുടെ നിര്‍ദേശപ്രകാരം ഫിഷറീസ് വകുപ്പിനെ ബന്ധപ്പെട്ട് ബയോഫ്‌ളോക്ക് മത്സ്യകൃഷി ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ 7.5 ലക്ഷം രൂപ മുതല്‍ മുടക്കില്‍ ഏഴു ടാങ്കുകളിലായി 8000 ഗിഫ്റ്റ് തിലാപ്പിയ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കാലവര്‍ഷം കനത്തപ്പോള്‍ മത്സ്യകൃഷിക്കായി നിര്‍മിച്ച ഷെഡിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് രണ്ടു ടാങ്കിലെ മത്സ്യവും, വൈദ്യുതി ബന്ധവും പൂര്‍ണമായി നശിച്ചു. പിന്നീട് ഷെഡ് പുനഃസ്ഥാപിച്ചു. അഞ്ചു മാസം കൊണ്ട് 400-600 ഗ്രാം തൂക്കം എത്തിയ മത്സ്യമാണ് വിളവെടുത്തത്. മത്സ്യകൃഷി കൂടാതെ പതിനഞ്ചോളം ആടുകളും, പോത്ത്, കോഴി, കാട, മുയല്‍, വിവിധയിനം പക്ഷികളും ടോംസ് ഇന്റഗ്രേറ്റഡ്  ഫാമിലുണ്ട്. സിനിമ, സീരിയല്‍ രംഗത്തും ബിന്നിമോള്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. മത്സ്യകൃഷിയുടെ  വിളവെടുപ്പ് ഉദ്ഘാടനം സി.കെ ആശ എംഎല്‍എ നിര്‍വഹിച്ചു. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് കെ ബിനിമോന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ആദ്യവില്‍പന നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് ബിജു, തലയാഴം പഞ്ചായത്ത് അംഗം ജെല്‍സി സോണി, ഫിഷറീസ് വകുപ്പ് എഎഫ്ഇഒ എസ് കൃഷ്ണ, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ബീനാമോള്‍, പ്രൊമോട്ടര്‍ പി.എസ് സരിത എന്നിവര്‍ പ്രസംഗിച്ചു.