Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുണ്ടും കുഴിയുമായി വൈക്കം-വെച്ചൂര്‍ റോഡ്; പരാതിയുമായി പഞ്ചായത്ത് പ്രസിഡന്റും മെമ്പര്‍മാരും പൊതുമരാമത്ത് ഓഫീസില്‍
31/08/2021
കുണ്ടും കുഴിയുമായി തകര്‍ന്ന വൈക്കം വെച്ചൂര്‍ റോഡിന്റെ ദുരവസ്ഥക്കു പരിഹാരം ആവശ്യപ്പെട്ട് വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാറും മെമ്പര്‍മാരും പൊതുമരാമത്ത് എക്സി. എഞ്ചിനീയര്‍ റാണി വിജയലക്ഷ്മിയോട് പരാതി വിശദീകരിക്കുന്നു.

വൈക്കം:  ഗതാഗതത്തിനും കാല്‍നടയാത്രക്കും പറ്റാത്തവിധം തകര്‍ന്ന വൈക്കം-വെച്ചൂര്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റും മെമ്പര്‍മാരും പൊതുമരാമത്ത് വകുപ്പ് വൈക്കം എക്‌സി. ഓഫീസില്‍ പരാതിയുമായി എത്തി. റോഡിന്റെ ഒട്ടേറെ ഭാഗങ്ങള്‍ കുണ്ടും കുഴിയുമായി തകര്‍ന്ന നിലയിലാണ്. ഇതുമൂലം കാല്‍നട യാത്രക്ക് പോലും തടസമാണ്. തകര്‍ന്ന ഭാഗങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതും പ്രശ്‌നമാണ്. കോട്ടയം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. അടിയന്തരമായി റോഡ് അറ്റകുറ്റപണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ അസി. എക്‌സി. എഞ്ചിനീയര്‍ റാണി വിജയലക്ഷ്മിയോട് ആവശ്യപ്പെട്ടു. വൈക്കം വെച്ചൂര്‍ റോഡ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി തോട്ടുവക്കം കള്ള് ഷാപ്പ് പടി മുതല്‍ കൈപ്പുഴ വരെയുള്ള 12 കിലോമീറ്റര്‍ റോഡ് ഭാഗം കിഫ്ബിക്ക് വിട്ടുകൊടുത്ത സാഹചര്യത്തില്‍ ഇവിടെ അറ്റകുറ്റ പണികള്‍ നടത്താന്‍ നിയമതടസ്സമുണ്ടെന്ന് എക്‌സി. എഞ്ചിനീയര്‍ പരാതിക്കാരെ അറിയിച്ചു. എങ്കിലും ചെറിയ കുഴികളും മറ്റും അടച്ചുകൊടുക്കാമെന്ന് അവര്‍ അറിയിച്ചു. അതേസമയം റോഡിലെ വെള്ളക്കെട്ടും ഒഴുക്കുചാലും പുനര്‍നിര്‍മിക്കാന്‍ സാധ്യമല്ല. കിഫ്ബിക്ക് റോഡ് കൈമാറിയതോടെ പുതിയ വര്‍ക്കുകള്‍ ചെയ്യാന്‍ നിയമ തടസ്സമുണ്ട്. അതേ സമയം ബണ്ട് റോഡ് ജങ്ഷന്‍ മുതല്‍ തണ്ണീര്‍മുക്കം ബണ്ട് വരെയുള്ള തകര്‍ന്ന ഭാഗങ്ങള്‍ ശരിയാക്കുന്നത് സംബന്ധിച്ചു അധികൃതര്‍ക്ക് വിവരം കൈമാറും. വെച്ചൂര്‍ പള്ളിയിലെ തിരുന്നാള്‍ സെപ്തംബര്‍ ഒന്നിന് തുടങ്ങുകയാണ്. ഒട്ടേറെ തീര്‍ത്ഥാടകര്‍ എത്തും. അവരുടെ യാത്രക്ക് റോഡ് ഗതാഗതം സുഗമമാക്കാന്‍ അടിയന്തര നടപടി ഉണ്ടാകണമെന്നു പഞ്ചായത്ത് പ്രസിഡന്റും മെമ്പര്‍മാരും ആവശ്യപ്പെട്ടു.  കിഫ്ബി റോഡ് നിര്‍മാണം ഏറ്റെടുത്തെങ്കിലും പണികള്‍ തുടങ്ങാന്‍ വൈകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ദുരിത യാത്ര അനുഭവിക്കേണ്ട സ്ഥിതിയാണെന്നും ജനപ്രതിനിധികള്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ പ്രത്യേക അനുവാദം വാങ്ങാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നു ജനപ്രതിനിധികള്‍ എക്‌സി. എഞ്ചിനീയറോട് പറഞ്ഞു. സ്ഥിതിയില്‍ മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വെച്ചൂര്‍ നിവാസികള്‍ വൈക്കത്തെ പൊതുമരാമത്ത് ഓഫീസിലേക്ക് പ്രതിഷധ മാര്‍ച്ച് നടത്തുമെന്ന് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ മുന്നറിയിപ്പ് നല്‍കി. ബണ്ട് റോഡ്, ഇടയാഴം, പുത്തന്‍പാലം ബണ്ട്റോഡ് , ഇടയാഴം കല്ലറ, വൈക്കം വെച്ചൂര്‍, അംബികാമാര്‍ക്കറ്റ്, ഇടയാഴം ജങ്ഷന്‍, ചേരകുളങ്ങര ഭാഗം എന്നീ മേഖലകളിലെ റോഡ് ഭാഗങ്ങള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഇവിടെ പെയ്ത്തു വെള്ളം കെട്ടി നിന്നു യാത്രക്കാര്‍ക്ക് കൂടുതല്‍ ദുരിതം സമ്മാനിക്കുന്നു. ഈ പ്രശ്‌നത്തിനും പരിഹാരം വേണം. ഇത് വഴി വാഹനങ്ങള്‍ ഓടിക്കാനോ ജനങ്ങള്‍ക്ക് കാല്‍നട യാത്ര ചെയ്യാനോ പറ്റാത്ത സ്ഥിതിയാണ്. ഇതിന്റെ ഗൗരവും ബന്ധപ്പെട്ടവര്‍ അന്വേഷിച്ചറിയണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സോജി ജോര്‍ജ്, പി.കെ മണിലാല്‍, എസ് ബീന, മെമ്പര്‍മാരായ ബിന്ദു രാജ്, ഗീത സോമന്‍ എന്നിവരും പങ്കെടുത്തു.