Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കടലാസില്‍ ഒതുങ്ങി കല്ലുപുര മുണ്ടാര്‍ വാക്കേത്തറ റോഡ്
29/08/2021
ചെളിക്കുളമായ കല്ലുപുര മുണ്ടാര്‍ വാക്കേത്തറ റോഡ്.

വൈക്കം: കാര്‍ഷിക മേഖലയുടെ വികസനത്തിനുതകുന്ന കല്ലറ മുണ്ടാര്‍ വാക്കേത്തറ റോഡ് നിര്‍മാണത്തിനായുള്ള പ്രദേശവാസികളുടെ കാത്തിരിപ്പ് നീളുന്നു. പിന്നോക്ക വിഭാഗത്തില്‍ പെട്ട നാന്നൂറിലധികം കുടുംബങ്ങളിലെ കര്‍ഷക തൊഴിലാളികള്‍ ഉള്‍പ്പെടുന്ന മേഖലയായ മുണ്ടാറിനെ പുറംലോകവുമായി ബന്ധപ്പെടുത്തുന്ന ഏക മാര്‍ഗമാണ് ഈ റോഡ്. വൈക്കം താലൂക്കില്‍ തലയാഴം, കല്ലറ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും, എംസി റോഡിലേക്കും വൈക്കം നിവാസികള്‍ക്ക് എത്തിപ്പെടാന്‍ എളുപ്പ വഴിയും കൂടിയാണിത്. കഴിഞ്ഞ മെയില്‍ റോഡിന്റെ ഒരു കിലോമീറ്ററോളം വരുന്ന വാക്കേത്തറ കല്ലുപുരയ്ക്കല്‍ ഭാഗം ടാറിങ് പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ മുണ്ടാര്‍ റോഡിന്റെ വികസനത്തിനായി മുഖ്യമന്ത്രിക്കും, പൊതുമരാമത്ത് അധികൃതര്‍ക്കും പല തവണ നിവേദനം നല്‍കിയിട്ടും ഫലം ഉണ്ടായില്ല. റോഡിനെ കല്ലറ പഞ്ചായത്തിലേക്ക് ബന്ധിപ്പിക്കുന്ന നൂറ്റിപ്പത്തുകരി പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിലെ അപാകത മൂലം നിര്‍മാണം പാതി വഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. 2016ലെ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ റോഡിനായി 20 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ അതും കടലാസിലൊതുങ്ങി. മഴ പെയ്താലുടന്‍ റോഡിലാകെ ചെളിക്കുളമായ അവസ്ഥയാകും. 2018ല്‍ ഉണ്ടായ മഹാപ്രളയത്തില്‍ ഇവിടെയുള്ളവര്‍ രണ്ട് ആഴ്ചയോളം ഒറ്റപ്പെട്ട അവസ്ഥയില്‍ ആയിരുന്നു. വിദ്യാര്‍ഥികള്‍, വയോധകര്‍ ഉള്‍പ്പെടെയുള്ളവര്‍ കാല്‍നടയായി മൂന്നു കിലോമീറ്ററോളം സഞ്ചരിച്ചാണ് തോട്ടകം എല്‍പി സ്‌കൂള്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ എത്തുന്നത്. ഭൂരിഭാഗം പേരും സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷയും ആശ്രയിക്കും. അന്തി മയങ്ങിയാല്‍ സാമൂഹിക വിരുദ്ധരുടെ ശല്യവും ഇവിടെ പതിവാണ്. പൊതുവെ അവികസിത മേഖലയായ മുണ്ടാറില്‍ റോഡ് യാഥാര്‍ഥ്യമായാല്‍ കാര്‍ഷിക മേഖലയുടെ പുരോഗതിയും, അതിലൂടെ സമ്പൂര്‍ണ വികസനവും സാധ്യമാകും. റോഡിന്റെ അവസ്ഥ പരിഹരിച്ച് പ്രദേശവാസികളുടെ ദുരിതമകറ്റാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.