Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൂക്കളമൊരുക്കി ഓണത്തെ വരവേറ്റ് ക്ഷേത്രങ്ങള്‍; ഉദയനാപുരം ക്ഷേത്രത്തില്‍ തിരുവോണ വേലക്കുള്ള ഒരുക്കളായി
20/08/2021
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ തിരുവോണ പൂക്കളത്തിനായി ക്ഷേത്രജീവനക്കാര്‍ പുഷ്പങ്ങള്‍ തയ്യാറാക്കുന്നു.

വൈക്കം: പിതാവായ വൈക്കത്തപ്പന്റെ സന്നിധാനത്തു നിന്നും കൊടുത്തയച്ച ഓണക്കോടി ചാര്‍ത്തി സര്‍വാഭരണ വിഭൂഷിതനായി പുത്രനായ ഉദയനാപുരത്തപ്പനും പുത്രന്റെ സന്നിധാനത്തും ലഭിച്ച ഓണക്കോടി അണിഞ്ഞു വൈക്കത്തപ്പനും ഉത്രാട നാളില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്‍കി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് രണ്ടു ക്ഷേത്രങ്ങളിലും ദര്‍ശന സൗകര്യമൊരുക്കിയിരുന്നത്. അത്താഴ ശ്രീബലിക്ക് ശേഷം ഉദയനാപുരം ക്ഷേത്രത്തില്‍ രഞ്ജിത് അയലാറ്റിലിന്റെ നേതൃത്വത്തിലുള്ള സംഘം ആനകൊട്ടിലില്‍ പൂക്കളം ഒരുക്കി. തമിഴ്‌നാട്ടിലെ തോവാളയില്‍ നിന്ന് ഏകദേശം 40 കിലോ വരുന്ന വിവിധതരം വര്‍ണ പുഷ്പങ്ങള്‍ കൊണ്ടാണ് പൂക്കളം തീര്‍ത്തത്. വൈക്കം ക്ഷേത്രത്തില്‍ ദേവസ്വം ജീവനക്കാരുടെ കൂട്ടായ്മയില്‍ പൂക്കളം ഒരുക്കി. കോയമ്പത്തൂരില്‍ നിന്നും കൊണ്ടു വന്ന ഏകദേശം 60 കിലോ വരുന്ന വിവിധ പുഷ്പങ്ങള്‍ കൊണ്ട് കിഴക്കേ ആന പന്തലിലാണ് പൂക്കളം ഒരുക്കിയത്. തിരുവോണ ദിനമായ ശനിയാഴ്ച വൈകിട്ട് അഞ്ചിന് ഉദയനാപുരത്തപ്പന്റെ തങ്ക തിടമ്പ് ഗജവീരന്‍ ചെറുശേരി രാജ ശിരസിലേറ്റുന്നതോടെ തിരുവോണ വേല ആരംഭിക്കും. തേരോഴി രാമക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ചെണ്ട മേളവും അനിരുദ്ധന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നാദസ്വര മേളവും തിരുവോണ വേലക്ക് അകമ്പടിയേകും. തുടര്‍ന്ന് നടക്കുന്ന ദീപാരാധനയോടെ തിരുവോണ വേലക്ക് സമാപനം കുറിക്കും.  തിരുവിതാംകൂര്‍ രാജവംശത്തിന്റെ ഉടമസ്ഥതയിലായിരുന്ന ഉദയനാപുരം ക്ഷേത്രത്തില്‍ ഒരിക്കല്‍ മഹാരാജാവ് തിരുവോണ ദിവസം ദര്‍ശനത്തിനെത്തിയപ്പോള്‍ ആട്ടവിശേഷ സംബന്ധമായ തയാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാതെ ക്ഷേത്രം കാരായ്മക്കാര്‍ മറ്റു കാര്യങ്ങളില്‍ വ്യാപൃതരായിരിക്കുന്നതു കണ്ട മഹാരാജാവ് ക്രുദ്ധനാവുകയും എല്ലാ വര്‍ഷവും തിരുവോണ നാളില്‍ ഉച്ചസമയത്ത് ദേവനെ ആനപ്പുറത്ത് എഴുന്നള്ളിച്ച് തിരുവോണ വേല നടത്തുവാനും ആജ്ഞാപിച്ചു. അന്നു മഹാരാജാവ് കാരായ്മകാര്‍ക്ക് നല്‍കിയ ശിക്ഷ പിന്നീട് ആചാരമായി മാറി എന്നാണ് പറയപ്പെടുന്നത്.