Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിരുവോണത്തെ വരവേല്‍ക്കാന്‍ വൈക്കത്തെ ക്ഷേത്രങ്ങള്‍ ഒരുങ്ങി
20/08/2021
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ എം. ജി മധു സമര്‍പ്പിച്ച ഓണക്കോടി മേല്‍ശാന്തി ടി. എസ് നാരായണന്‍ നമ്പൂതിരി ഏറ്റുവാങ്ങുന്നു.

വൈക്കം: ആചാരത്തനിമയില്‍ തിരുവോണത്തെ വരവേല്‍ക്കാന്‍ വൈക്കം മഹാദേവ ക്ഷേത്രവും ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും ഒരുങ്ങി. വൈക്കത്തപ്പന്‍ പുത്രനായ ഉദയനാപുരത്തപ്പനും, ഉദയനാപുരത്തപ്പന്‍ പിതാവായ വൈക്കത്തപ്പനും ഓണക്കോടി സമ്മാനിക്കുന്ന ചടങ്ങ് ഇരുക്ഷേത്രങ്ങളിലും ആചാരപൂര്‍വം നടന്നു. പൂപ്പാലികയില്‍ പിതാവിന്റെ സന്നിധാനത്തില്‍ നിന്നും കൊണ്ടു വന്ന ഓണമുണ്ടും ഉത്തരീയവും വൈക്കം ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എം.ജി മധു ഉദയനാപുരത്തപ്പന് സമര്‍പ്പിച്ചു. മേല്‍ശാന്തി ആഴാട്ട് ഉമേഷ് നമ്പൂതിരി, ഏറാഞ്ചേരി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി , ആഴാട് നാരായണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഓണക്കോടി ഏറ്റുവാങ്ങി. പുത്രനായ ഉദയനാപുരത്തപ്പന്‍ അച്ഛനായ വൈക്കത്തപ്പന് നല്‍കുന്ന ഓണക്കോടി ഉദയനാപുരം സബ് ഗ്രൂപ്പ് ഓഫീസര്‍ എസ് വിനോദ് മഹാദേവ ക്ഷേത്ര ത്തില്‍ സമര്‍പ്പിച്ചു. മേല്‍ശാന്തിമാരായ ടി.ഡി നാരായണന്‍ നമ്പൂതിരി, ടി.എസ് നാരായണന്‍ നമ്പൂതിരി, ശ്രീധരന്‍ നമ്പൂതിരി, അനൂപ് നമ്പൂതിരി എന്നിവര്‍ ഏറ്റുവാങ്ങി. വെള്ളിയാഴ്ച വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും സര്‍വാഭരണവിഭൂഷിതരായി ഓണക്കോടി അണിഞ്ഞ് ഭക്തര്‍ക്കു ദര്‍ശനം നല്‍കി. തിരുവോണദിനത്തില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന തിരുവോണ വേലയ്ക്ക് ഗജവീരന്‍ ചെറുശേരി രാജ തിടമ്പേറ്റും. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വം ജീവനക്കാരുടെ കൂട്ടായ്മയില്‍ പൂക്കളവും ഒരുക്കും. ചടങ്ങുകള്‍ക്ക് വൈക്കം അസി. കമ്മീഷണര്‍ ഡി ജയകുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എം.ജി മധു, സബ് ഗ്രൂപ്പ് ഓഫീസര്‍ എസ് വിനോദ്, ഉദയനാപുരം ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. തിരുവോണ നാളില്‍ ഭക്തജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ദര്‍ശനം നടത്തണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു.