Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പറൂപ്പറമ്പില്‍ ചെങ്കൊടി ഉയര്‍ത്തി സിപിഐയുടെ പി കൃഷ്ണപിള്ള അനുസ്മരണം
20/08/2021
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ സ്ഥാപക സെക്രട്ടറി പി കൃഷ്ണപിള്ളയുടെ ജന്മഗൃഹമുണ്ടായിരുന്ന വൈക്കം കാരയില്‍ പറൂപ്പറമ്പില്‍ സിപിഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ ചെങ്കൊടി ഉയര്‍ത്തുന്നു.

വൈക്കം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ സ്ഥാപക സെക്രട്ടറി പി കൃഷ്ണപിള്ളയുടെ ജന്മഗൃഹത്തില്‍ ചെങ്കൊടി ഉയര്‍ന്നപ്പോള്‍, അത് ചരിത്രത്തിലെ അപൂര്‍വ നിമിഷമായി മാറി. വൈക്കത്ത് കാരയില്‍ പ്രദേശത്തെ പറൂപ്പറമ്പ് വീട്ടിലാണ് കൃഷ്ണപിള്ള ജനിച്ചത്. ഈ സ്ഥലം കഴിഞ്ഞ വര്‍ഷം സിപിഐ വാങ്ങിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം കഴിഞ്ഞ വര്‍ഷം ഇവിടെ ചടങ്ങുകളൊന്നും നടന്നിരുന്നില്ല. ഇത്തവണ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സിപിഐ ടൗണ്‍ ലോക്കല്‍ കമ്മിറ്റി പി കൃഷ്ണപിള്ളയുടെ എഴുപത്തിമൂന്നാം ചരമവാര്‍ഷികം ആചരിച്ചത്. പി കൃഷ്ണപിള്ള കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതില്‍ വഹിച്ച പങ്ക് നിസ്തുലമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ പറഞ്ഞു. പറൂപ്പറമ്പ് പുരയിടത്തില്‍ ആദ്യമായി ചെങ്കൊടി ഉയര്‍ത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിലെ കര്‍ഷക പ്രസ്ഥാനവും ആലപ്പുഴയിലെ തൊഴിലാളി പ്രസ്ഥാനങ്ങളും സംഘടിപ്പിക്കുന്നതില്‍ വളരെ ചുരുങ്ങിയ ജീവിതകാലത്തിനുള്ളില്‍ കൃഷ്ണപിള്ള വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. സഖാവിന്റെ ജന്മഗൃഹത്തില്‍ ചെങ്കൊടി ഉയര്‍ന്ന നിമിഷം എല്ലാ കമ്മ്യൂണിസ്റ്റുകാരുടെയും അഭിമാനനിമിഷമാണെന്നും സി.കെ ശശിധരന്‍ കൂട്ടിച്ചേര്‍ത്തു. സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ അസി. സെക്രട്ടറി ആര്‍ സുശീലന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍, ജില്ലാ എക്‌സി. അംഗങ്ങളായ ടി.എന്‍ രമേശന്‍, പി സുഗതന്‍, മണ്ഡലം അസി. സെക്രട്ടറി കെ അജിത്ത്, സെക്രട്ടറിയേറ്റ് അംഗങ്ങളായ എന്‍ അനില്‍ ബിശ്വാസ്, വി.കെ അനില്‍കുമാര്‍, പി.എസ് പുഷ്‌കരന്‍, സി.കെ ആശ എംഎഎല്‍എ, പി പ്രദീപ്, കെ.കെ രാമഭദ്രന്‍, അഡ്വ. കെ പ്രസന്നന്‍, ഡി രഞ്ജിത്കുമാര്‍, കെ.വി ജീവരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. പറൂപ്പറമ്പ് പുരയിടത്തില്‍ കുട്ടികളുടെ ലൈബ്രറി അടക്കമുള്ള ചരിത്രസ്മാരകം നിര്‍മിക്കുന്നതിനാണ് സിപിഐ സംസ്ഥാന കൗണ്‍സില്‍ പദ്ധതി തയ്യാറാക്കുന്നത്.