Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിറയും പുത്തരിയും ആഘോഷത്തിന് വൈക്കത്തെ ക്ഷേത്രങ്ങള്‍ ഒരുങ്ങി
15/08/2021
വൈക്കം മഹാദേവ ക്ഷേത്രത്തിലെ നിറപുത്തരി ആഘോഷത്തിന് തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ച കതിര്‍ കറ്റകള്‍

വൈക്കം: നിറയും പുത്തരിയും ആഘോഷിക്കുന്നതിന് വൈക്കത്തെ വിവിധ ക്ഷേത്രങ്ങള്‍ ഒരുങ്ങി. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വൈക്കം ഗ്രൂപ്പിലെ ക്ഷേത്രങ്ങളിലാണ് ഓഗസ്റ്റ് 16ന് നിറപുത്തരി ആഘോഷം. തിങ്കളാഴ്ച രാവിലെ 5.55നും 6.20നും ഇടയിലാണ് ചടങ്ങ്. പ്രധാന ക്ഷേത്രങ്ങളായ വൈക്കം മഹാദേവ ക്ഷേത്രം, ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കൂട്ടുമ്മേല്‍ ഭഗവതി ക്ഷേത്രം, ടിവി പുരം ശ്രീ രാമക്ഷേത്രം, തലയാഴം തൃപ്പക്കുടം മഹാദേവക്ഷേത്രം, വടയാര്‍ ഇളങ്കാവ് ക്ഷേത്രം, ബ്രഹ്മമംഗലം മഹാദേവ ക്ഷേത്രം, കാരിക്കോട് മഹാദേവ ക്ഷേത്രം, തലയോലപറമ്പ് തിരുപുരം ക്ഷേത്രം, കീഴൂര്‍ ഭഗവതി ക്ഷേത്രം, മുളക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ നാളെ നിറയും പുത്തരി ആഘോഷിക്കുമെന്ന് അസി. കമ്മീഷണര്‍ ഡി ജയകുമാര്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ നിന്നാണ് ദേവസ്വം അധികൃതരുടെ നേതൃത്വത്തില്‍ വൈക്കം മഹാദേവ ക്ഷേത്ര സന്നിധിയിലേക്ക് നെല്‍കതിരുകള്‍ എത്തിച്ചത്. നിര്‍മാല്യം, ഉഷ പൂജ, എതൃത്ത പൂജ, ശീവേലി എന്നിവ നിറപുത്തരി മുഹൂര്‍ത്തത്തിനു മുന്‍പായി തീര്‍ക്കും. വയലേലകളില്‍ നിന്നും കൊയ്തെടുക്കുന്ന നെല്‍ കതിരുകള്‍ വ്യാഘ്രപാദ ആല്‍ത്തറയില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളിച്ച് ക്ഷേത്ര മണ്ഡപത്തില്‍ എത്തിച്ച് പൂജ ആരംഭിക്കും. തുടര്‍ന്ന് വിഷ്ണു പൂജ, ലക്ഷ്മി പൂജ എന്നിവ നടത്തിയ ശേഷം ക്ഷേത്രത്തിന്റെ മുഖ്യ ഭാഗങ്ങളില്‍ കതിരുകള്‍ നിറയ്ക്കുകായും പ്രസാദമായി ഭക്തര്‍ക്ക് നല്‍കുകയും ചെയ്യും. പുതിയ നെല്ലില്‍ നിന്നും ഉണ്ടാക്കിയ അരി ഉപയോഗിച്ച് നിവേദ്യം ഉണ്ടാക്കുന്നതും ഈ ദിവസത്തെ സവിശേഷതയാണ്. തുടര്‍ന്ന് ഉച്ച പൂജ നടത്തി ക്ഷേത്രനട അടയ്ക്കും. മഹാദേവ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി, ടി.ഡി ശ്രീധരന്‍ നമ്പൂതിരി, അനൂപ് നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും.