Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓമനയുടെ ആഗ്രഹം സഫലമായി; വൈക്കം ക്ഷേത്രത്തിലെ നിറപുത്തരിക്ക് നെല്‍കതിരുകള്‍ സമര്‍പ്പിച്ചു
14/08/2021
വൈക്കം പുല്ലംവേലില്‍ ഓമന മുരളീധരന്‍ നട്ടുവളര്‍ത്തിയ വിളവെത്തിയ നെല്‍കതിരുകള്‍ കറ്റകളാക്കി നിറപുത്തരിരക്കായി വൈക്കം ക്ഷേത്രനടയില്‍ സമര്‍പ്പിക്കുന്നു.

വൈക്കം: പുല്ലംവേലില്‍ ഓമന മുരളീധരന്റെ തൈകണലില്‍ വളര്‍ന്ന നെല്‍കതിരുകള്‍ വൈക്കത്തപ്പന് നിറപുത്തരിക്കായി സമര്‍പ്പിച്ചു. വൈക്കം ക്ഷേത്രത്തിലെ നിറപുത്തരിക്ക് ഒരുപിടി കതിര്‍ തന്റെ മണ്ണില്‍ നിന്നും കൊയ്തെടുത്ത് സമര്‍പ്പിക്കാനുള്ള ആഗ്രഹത്തിലും പ്രാര്‍ത്ഥനയിലുമായിരുന്നു ഓമന. ആ പ്രാര്‍ത്ഥന ശനിയാഴ്ച്ച രാവിലെ വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ ആനക്കൊട്ടിലില്‍ സഫലമായി. രണ്ടു സെന്റ് സ്ഥലത്ത് പ്രത്യേക സംരക്ഷണത്തോടെ ജൈവ വളങ്ങള്‍ ഉപയോഗിച്ച് കീടനാശിനികള്‍ ഒഴിവാക്കി വളര്‍ത്തി വിളവെത്തി. ശനിയാഴ്ച്ച രാവിലെ അത് കൊയ്തെടുത്ത് ഓമന പത്തു കെട്ടുകളാക്കി. ഓമനയും ഭര്‍ത്താവ് മുരളീധരനും കുടുംബാംഗങ്ങളും ചേര്‍ന്നു തലയില്‍ ചുമന്നു കൊണ്ടുവന്ന് ക്ഷേത്ര നടയില്‍ സമര്‍പ്പിക്കുകയായിരുന്നു. രാവിലെ 9.30ന് ആനക്കൊട്ടിലില്‍ വച്ച് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എ.ജി മധു ഏറ്റുവാങ്ങി. 16നു പുലര്‍ച്ചെ നടക്കുന്ന നിറയും പുത്തരി ചടങ്ങിന് ഈ നെല്‍കറ്റകളും ഉപയോഗിക്കും. ശനിയാഴ്ച്ച രാവിലെ 9. 30 ന് വ്യാഘ്രപാദന്‍ ആല്‍ത്തറക്ക് സമീപം ആനക്കൊട്ടിലിലാണ് നെല്‍കറ്റകള്‍ സമര്‍പ്പിച്ചത്. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ഷാജി വല്ലുത്തറ, രാജേഷ് ആലക്കാട്ടുചിറ, ശരത്ത്, ശിവന്‍, സാബു, ആനന്ദ്, എന്നിവര്‍ പങ്കെടുത്തു. ഓരോ ഭക്തരും അവരവരുടെ വീട്ടുവളപ്പില്‍ നിറപുത്തരി സമയത്ത് കൊയ്തെടുക്കാന്‍ പാകത്തില്‍ നെല്‍കൃഷി നടത്തി ക്ഷേത്രത്തിലേക്ക് വഴിപാടായി സമര്‍പ്പിക്കാന്‍ തയ്യാറായാല്‍ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വന്തം മണ്ണിലെ നെല്‍കതിരുകള്‍ നിറപുത്തരിക്ക് ഉപയോഗിക്കാന്‍ കഴിയും. ഇതിനായി ഭക്തരുടെ കൂട്ടായാമ ആവശ്യമാണെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ഷാജി വല്ലൂത്തറ പറഞ്ഞു.