Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സുഭിക്ഷ കേരളം: സുന്ദരന്‍ നളന്ദയുടെ പയര്‍ കൃഷിയില്‍ നൂറുമേനി വിളവ്
11/08/2021
കൃഷി വകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കുലശേഖരമംഗലം കൊടൂപ്പാടത്ത് സുന്ദരന്‍ നളന്ദ നടത്തിയ പയര്‍ കൃഷിയുടെ വിളവെടുപ്പ് മറവന്‍തുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി പ്രതാപന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കൊടൂപ്പാടത്തിന്റെ മനസ്സറിഞ്ഞു സുന്ദരന്‍ നടത്തുന്ന കൃഷികള്‍ ഒരിക്കലും പാഴായിട്ടില്ല. അതാണ് കൊടൂപ്പാടത്തിന്റെ ഇതുവരെയുള്ള ചരിത്രം. ഓരോ കൃഷിയും കാലാവസ്ഥയുടെ മാറ്റങ്ങള്‍ക്കനുസരിച്ച് കൃഷി നടത്തുന്നതിനാല്‍ സുന്ദരന് എപ്പോഴും കൃഷി ലാഭകരമാണ്. കൃഷി വകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതിയില്‍പെടുത്തി ഓണത്തെ ലക്ഷ്യമാക്കി നടത്തിയ പയര്‍ കൃഷിയിലും മികച്ച വിളവാണ് ലഭിക്കുന്നത്. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍പെട്ട കുലശേഖരമംഗലം കൊടൂപ്പാടത്തെ ഒന്നര ഏക്കര്‍ സ്ഥലത്താണ് പയര്‍ കൃഷി തുടങ്ങിയത്. മൂന്നു് മാസം മുന്‍പാണ് വിത്ത് പാകിയത്. ഇപ്പോള്‍ പൂവും കായും നിറഞ്ഞു വിളവെത്തി തുടങ്ങി. ആദ്യ വിളവെടുപ്പ് ചൊവ്വാഴ്ച രാവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. വിളവെടുപ്പിന് എത്തിയ കൃഷി ഉദ്യാഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും സുന്ദരന്റെ കൃഷിയിടത്തിലെ പച്ചപ്പും വിളവും കണ്ണും മനസ്സും നിറഞ്ഞ കാഴ്ചയായി. പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും മികച്ച കര്‍ഷകന്‍ എന്ന അംഗീകാരം പലതവണ നേടിയ ആളാണ് സുന്ദരന്‍. ഏതു കൃഷി എപ്പോള്‍ എങ്ങനെ എന്നതിനെക്കുറിച്ച കാഴ്ച്ചപാടാണ് സുന്ദരനു കൃഷി നേട്ടമാക്കുന്നത്. ജൈവ വളങ്ങളും ജൈവ കീടനാശിനികളും ഉപയോഗിച്ചുള്ള കൃഷി രീതികളാണ് സുന്ദരന്റേത്. അതുകൊണ്ടുതന്നെ ഉല്‍പന്നങ്ങള്‍ക്ക് വിപണി ഏറെയാണ്. ആദ്യ വിളവെടുപ്പില്‍ 38 കിലോ വിളവ് ലഭിച്ചു. വിളവെടുപ്പ് ചടങ്ങില്‍ കൃഷി ഓഫീസര്‍ ലിറ്റി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സീമ ബിനു, പോള്‍ മണിയില, ബിന്ദു പ്രദീപ്, ഫെഡറല്‍ ബാങ്ക് മാനേജര്‍ ആദിത്ത്, കൃഷി ഭവന്‍ ഉദ്യോഗസ്ഥരായ അജിമോന്‍, അമ്പിളി, കര്‍ഷകന്‍ സുന്ദരന്‍ നളന്ദ എന്നിവര്‍ പങ്കെടുത്തു.