Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സുന്ദരന്‍ നളന്ദയുടെ കൃഷിയിടം കൃഷി ഉദ്യോഗസ്ഥര്‍ക്ക് പുത്തന്‍ അറിവിന്റെ പാഠമാകുന്നു
08/08/2021
സംസ്ഥാന സര്‍ക്കാരിന്റെ ഹരിഗൃഹം പദ്ധതിയുടെ ഭാഗമായി സുന്ദരന്‍ നളന്ദ കുലശേഖരമംഗലം കൊടൂപ്പാടത്ത് നടത്തുന്ന ജൈവ പച്ചക്കറി തോട്ടം മറവന്‍തുരുത്ത് പഞ്ചായത്തിലെ കൃഷി  ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നു.  

വൈക്കം: മണ്ണില്‍ വിളവിന്റെ നേട്ടം കൊയ്യുന്ന കുലശേഖരമംഗലം കൊടൂപ്പാടം നളന്ദ നളന്ദയുടെ കൃഷിരീതികള്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുത്തന്‍ അറിവായി. മറവന്‍തുരുത്ത് പഞ്ചായത്തിന്റെ ഒട്ടേറെ ഭാഗങ്ങളില്‍ ജൈവ പച്ചക്കറി കൃഷി നടത്തി വിജയം കൊയ്ത കര്‍ഷകനാണ് സുന്ദരന്‍ നളന്ദ. കൃഷി വകുപ്പ് നടപ്പാക്കുന്ന ഹരിതഗൃഹം പദ്ധതിയുടെ ഭാഗമായി കൊടൂപാടത്ത് ഒന്നര ഏക്കര്‍ സ്ഥലത്ത് തുടങ്ങിയ കൃഷിയുടെ വളര്‍ച്ചയും തളര്‍ച്ചയും കണ്ടറിയാന്‍ എത്തിയതായിരുന്നു മറവന്‍തുരുത്ത് പഞ്ചായത്തിലെ കൃഷി ഓഫീസര്‍ ലിറ്റി വര്‍ഗീസും സംഘവും. പയര്‍, വഴുതന, കുമ്പളങ്ങ, ചീര, വെണ്ട, മത്തന്‍, എന്നീ ഇനങ്ങള്‍ വിളവിലേക്ക് തഴച്ചു വളരുന്നത് കൃഷി ഉദ്യോഗസ്ഥരുടെ ശ്രദ്ധ പിടിച്ചുപറ്റി. മണ്ണിന്റെ മനസ്സറിഞ്ഞ് കാലവും പക്കവും നോക്കി കൃഷി നടത്തുന്ന സുന്ദരന് വിളവിനെക്കുറിച്ച് ആശങ്കയില്ല. മറവന്‍തുരുത്ത് പഞ്ചായത്തിലെ അറിയപ്പെടുന്ന കര്‍ഷകനാണ് സുന്ദരന്‍ വീടിനു ചുറ്റുമുള്ള തടാകങ്ങളില്‍ മത്സ്യവും അതിനോടു ചേര്‍ന്നുളള സ്ഥലങ്ങളില്‍ ജൈവപച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ പാട്ട വ്യവസ്ഥയില്‍ സ്ഥലമെടുത്ത് കൃഷി നടത്തുന്നു. ശുദ്ധജല സൗകര്യം ലഭ്യമാകുന്ന ഏതു സ്ഥലം കിട്ടിയാലും അവിടെ കൃഷി നടത്താന്‍ സുന്ദരന്‍ തയ്യാറാണ്. വിപണന സാധ്യത നോക്കിയാണ് ഓരോ കൃഷിയും നടത്തുന്നത്. അതിനായി ജൈവ പച്ചക്കറി കൃഷി സംഘങ്ങളും ഉണ്ട്. പച്ചക്കറി കൃഷി കൂടാതെ പുല്‍കൃഷിയും മത്സ്യ കൃഷിയും നടത്തുന്നുണ്ട്. വെച്ചൂര്‍ പശു സംരക്ഷണവും പോത്തുകളെ വളര്‍ത്തലും കൃഷിയുടെ മറ്റൊരു ഭാഗമാണ്. മത്സ്യക്കുളത്തില്‍ നിന്നും കിലോയ്ക്ക് 180 രൂപ നിരക്കില്‍ പച്ച മത്സ്യം വില്‍പനയും ഉണ്ട്. 2018ല്‍ ഉണ്ടായ മഹാപ്രളയവും അതുവഴിയുണ്ടായ കൃഷിനാശവും സുന്ദരന്റെ അധ്വാനഫലത്തെ ചോര്‍ത്തി കളഞ്ഞു. പിന്നീട് ഉണ്ടായ തീവ്ര മഴയും വെളളപൊക്കവും കൃഷിയുടെ വളര്‍ച്ചയെ നിര്‍ജീവമാക്കി. ഇതെല്ലാം തരണം ചെയ്താണ് വീണ്ടും കൃഷി മേഖല സജീവമാക്കിയിരിക്കുന്നത്. മറവന്‍തുരുത്ത് പഞ്ചായത്തിലെ വിവിധ മേഖലകളില്‍ ഒറ്റയ്ക്കും കൂട്ടായും കൃഷി നടത്തി ശ്രദ്ധേയനായ സുന്ദരന് കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും മികച്ച കര്‍ഷകനുള്ള പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. കൃഷി ഓഫീസര്‍ ലിറ്റി വര്‍ഗീസ്, അസി. കൃഷി ഓഫീസര്‍ അജിമോന്‍, കൃഷി ഉദ്യോഗസ്ഥ അമ്പിളി എന്നിവരുടെ സംഘമാണ് സുന്ദരന്റെ കൃഷി മേഖല സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചത്.