Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തടസങ്ങള്‍ നീങ്ങി; വൈക്കം താലൂക്ക് ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
28/07/2021
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന വൈക്കം താലൂക്ക് ആശുപത്രിയുടെ ടെസ്റ്റ് പൈലിങ് ആരംഭിച്ചപ്പോള്‍.

വൈക്കം: താലൂക്ക് ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ടെസ്റ്റ് പൈലിങ് ആരംഭിച്ചു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 94 കോടി രൂപ ചെലവഴിച്ചാണ് ആശുപത്രിക്കു പുതിയ ബഹുനില മന്ദിരം നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ജനുവരി 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയുടെ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തിയിരുന്നു. എല്ലാ അനുമതികളും ലഭിച്ചശേഷം തുക അനുവദിക്കപ്പെട്ട് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷവും സാങ്കേതിക പ്രശ്‌നങ്ങളാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിട്ടിരുന്നു. തുടര്‍ന്ന് വിഷയം സി.കെ ആശ എംഎല്‍എ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ശ്രദ്ധയില്‍പ്പെടുത്തി. മന്ത്രി കിഫ്ബിയുടെയും ഹൗസിങ് ബോര്‍ഡിന്റെയും ആരോഗ്യവകുപ്പിന്റെയും ഉന്നത ഉദ്യോഗസ്ഥരെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി നിയോഗിച്ചു. ചൊവ്വാഴ്ച വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം വൈക്കം താലൂക്ക് ആശുപത്രി സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. ആശുപത്രി വളപ്പില്‍ സ്ഥിതിചെയ്യുന്ന പേ വാര്‍ഡിന്റെ ഒരു ഭാഗം പൊളിച്ചു നീക്കണമെന്നുള്ള സാഹചര്യം പുതിയ ആശുപത്രി കെട്ടിടത്തിന്റെ അലൈന്‍മെന്റില്‍ വ്യത്യാസം വരുത്തി പരിഹരിച്ചു. നിര്‍മാണ സ്ഥലത്തുള്ള പാഴ്മരങ്ങള്‍ വെട്ടി മാറ്റാനും തീരുമാനമായി. പൈലിങ് ജോലികള്‍ പൂര്‍ത്തിയായ ശേഷം മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും, സി ആര്‍ഇസഡിന്റെയും ക്ലിയറന്‍സ് ലഭ്യമാക്കുവാന്‍ ഹൗസിങ് ബോര്‍ഡിനെ ചുമതലപ്പെടുത്തി. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു കൊണ്ട് വൈക്കംനിവാസികളുടെ ചിരകാല സ്വപ്നമായ താലൂക്ക് ആശുപത്രിയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് സി കെ ആശ എംഎല്‍എ അറിയിച്ചു.