Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കൃഷിയുടെ ലാഭവിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
24/07/2021
വൈക്കം ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നടത്തിയ കൃഷിയുടെ ലാഭവിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുന്നതിനായി സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറല്‍ കണ്‍വീനര്‍ വൈ ബിന്ദു മന്ത്രി വി.എന്‍ വാസവന് കൈമാറുന്നു.

വൈക്കം: കോവിഡ് പ്രതിസന്ധിയില്‍ ഉഴലുന്നവര്‍ക്ക് ആശ്വാസത്തിന്റെ തണലേകാന്‍ ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സ്നേഹകൂട്ടായ്മ. വിദ്യാര്‍ഥികള്‍ ഒരു വര്‍ഷക്കാലം കൊണ്ട് നടത്തിയ വിവിധയിനം കൃഷികളുടെ നടത്തിപ്പില്‍ നിന്നും ലഭിച്ച വരുമാനത്തിന്റെ ലാഭവിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ലോക്ക്ഡൗണ്‍ കാലത്ത് ആശ്രമം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പാടശേഖരങ്ങളില്‍ നെല്‍കൃഷിയും പുരയിടങ്ങളില്‍ ജൈവ പച്ചക്കറി കൃഷിയും വാഴകൃഷിയും രണ്ടു കുളങ്ങളില്‍ കരിമീന്‍ കൃഷിയും നടത്തിയിരുന്നു. ഇതിലെ വിറ്റു വരവില്‍ നിന്നും കിട്ടിയ ലാഭവിഹിതത്തിലെ ഒരു ഭാഗമായ 25,000 രൂപയും ആശ്രമം സ്‌കൂള്‍ സ്റ്റാഫ് സമാഹരിച്ച 1.90 ലക്ഷം രൂപയും ഉള്‍പ്പടെ 2.15 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരാലംബരുടെ വേദനയകറ്റാന്‍ കൈമാറിയത്. ഒരു പറ്റം വിദ്യാര്‍ഥികളും അവര്‍ക്കു താങ്ങും തണലുമായി അധ്യാപകരും പിടിഎയും ഒത്തുകൂടി നടത്തിയ കൃഷികളാണ് വിജയഗാഥ കൊയ്തത്. എന്‍എസ്എസ് യൂണിറ്റ്, സ്റ്റുഡന്റ്‌സ് പോലീസ്, ലിറ്റില്‍ കൈറ്റ്, റെഡ് ക്രോസ് എന്നീ വിഭാഗങ്ങളുടെ പിന്തുണയും സഹായവും പദ്ധതിയുടെ പിന്നിലുണ്ട്. ആശ്രമം സ്‌കൂളില്‍ നടത്തിയ ചടങ്ങില്‍ സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറല്‍ കണ്‍വീനര്‍ വൈ ബിന്ദു മന്ത്രി വിഎന്‍ വാസവന് തുക കൈമാറി. പ്രിന്‍സിപ്പാള്‍മാരായ എ ജ്യോതി, ഷാജി ടി കുരുവിള, പ്രധാനാധ്യാപിക പി.ആര്‍ ബിജി, എല്‍.പി വിഭാഗം ഹെഡ്മാസ്റ്റര്‍ പി.ടി ജിനീഷ്, എന്‍എസ്എസ് പ്രോഗ്രം ഓഫീസര്‍മാരായ മഞ്ജു എസ് നായര്‍, ഇ.പി ബീന, അധ്യാപക പ്രതിനിധികളായ റെജി എസ് നായര്‍, പ്രീതി വി പ്രഭ, പി.വി വിദ്യ, ആര്‍ ജെഫിന്‍, കവിത ബോസ്, പിടിഎ പ്രസിഡന്റുമാരായ പി.പി സന്തോഷ്, സ്റ്റാലിന്‍ കുമാര്‍, എസ് ജയന്‍ എന്നിവര്‍ പങ്കെടുത്തു.