Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെളളപൊക്കത്തില്‍ മുങ്ങി പനച്ചിതുരുത്ത് കയറാന്‍ വഴിയില്ലാതെ 80 കുടുംബങ്ങള്‍
21/07/2021
തലയാഴം പഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍പെട്ട പനച്ചിതുരുത്ത് ഭാഗത്തെ വെള്ളപ്പൊക്കത്തില്‍ വീട്ടില്‍ വെള്ളം കയറിയയതിനെ തുടര്‍ന്ന് നീന്തി പുറത്തേക്കുവരുന്ന കുടുംബം.

വൈക്കം: തലയാഴം പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍പെട്ട പനച്ചിതുരുത്ത് മേഖലയിലെ 80ഓളം കുടുംബങ്ങള്‍ വെള്ളപൊക്ക കെടുതിയില്‍ നട്ടംതിരിയുന്നു. പെയ്തിറങ്ങുന്ന വെളളം ഒഴുകി പോകാതെ ജലാശയങ്ങള്‍ പോലെ കെട്ടിനിന്നു വീടുകളിലേക്ക് ഒഴുകി കയറുകയാണ്. പല കുടംുബങ്ങളും ദുരിത കയത്തില്‍പെട്ട് വിഷമിക്കുകയാണ്. വീടുകളിലും ചുറ്റുപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. പനച്ചിംതുരുത്ത് മാന്നാത്തുശ്ശേരി 40 ഏക്കര്‍ വരുന്ന പാടശേഖരങ്ങളില്‍ കൃഷി മുടങ്ങിയതാണ് പ്രശ്നമായത്. കൃഷി നടത്തുന്ന സമയങ്ങളില്‍ ശേഷി കൂടിയ മോട്ടോര്‍ ഉപയോഗിച്ചു വെള്ളം വറ്റിക്കുന്ന രീതി നിലച്ചുപോയതാണ് പ്രദേശങ്ങളെ വെള്ളത്തിലാക്കിയത്. പാടശേഖരങ്ങളുടെയും തുരുത്തുകളുടെയും തീരങ്ങളില്‍ കഴിയുന്ന കുടുംബങ്ങളാണ് ദുരിതകയത്തില്‍ പെട്ടുപോയത്. പനച്ചിതുരുത്ത്, കറുകത്തട്ട്, വാഴക്കാട് പ്രദേശങ്ങളാണ് വെള്ളത്തിലായത്. പനച്ചിംതുരുത്ത് മേഖലയില്‍ ഉണ്ടാകുന്ന അധിക ജലം പുത്തന്‍തോട് വഴി വേമ്പനാട്ടു കായലിലേക്ക് പമ്പിങ് സംവിധാനത്തോടെ ഒഴുക്കിയിരുന്നു. ഈ സംവിധാനം പുനഃസ്ഥാപിച്ചാല്‍ മാത്രമേ മേഖലയെ വെള്ളപൊക്കത്തിന്റെ ദുരിതത്തില്‍ നിന്നു രക്ഷപെടുത്താന്‍ കഴിയൂ. കൃഷി ഭവനും, പഞ്ചായത്തും പാഠശേഖരസമിതിയും ഒരേ മനസ്സോടെ നിന്നാല്‍ മാത്രമേ പ്രശ്നം പരിഹരിക്കാന്‍ കഴിയുവെന്നാണ് വിലയിരുത്തല്‍. ഒഴിയാതെ നില്‍ക്കുന്ന വെള്ളക്കെട്ട് ഒട്ടേറെ കുടുംബങ്ങള്‍ക്ക് തീരാ ദുരിതമായി മാറുകയാണ്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും മാര്‍ഗമില്ലാത്ത സ്ഥിതിയിലാണ് പല കുടംുബങ്ങളും. മാസങ്ങളായി കെട്ടി നില്‍ക്കുന്ന ജലം മലിനമായി മാറുന്നത് കൊതുകുകള്‍ പരക്കാനും പകര്‍ച്ചവ്യാധികള്‍ പകരാനും വഴിയൊരുക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. പ്രദേശവാസികളും പാടശേഖര സമിതിയുമായി വിഷയം ചര്‍ച്ചചെയ്തു പ്രശ്ന പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.