Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂത്തേടത്തുകാവ് ക്ഷേത്രത്തില്‍ നടത്തിയ തോറ്റംപാട്ട് ഭക്തിസാന്ദ്രമായി
18/07/2021
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ അവതരിപ്പിച്ച തോറ്റംപാട്ട്.

 

വൈക്കം: ഐതിഹ്യപെരുമയും ആചാരപെരുമയും കൊണ്ട് പുകള്‍പെറ്റ മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ നടത്തിയ തോറ്റംപാട്ട് ഭക്തിസാന്ദ്രമായി. മധുരയില്‍ നിന്നും വന്ന ദേവിയെ മൂത്തേടത്തുകാവില്‍ കുടിയിരുത്തിയ ശേഷം എതൃത്തപൂജ സമയം നടന്ന തോറ്റംപാട്ടില്‍ കുടിയിരുത്തി പാട്ടാണ് ആലപിച്ചത്. ഗണപതി സ്തുതിക്കു ശേഷം കൊടുങ്ങല്ലൂരമ്മ, ഓടമ്പള്ളി കാവിലമ്മ, പനങ്ങാട് ദേവി, അയ്യര്‍ കുളങ്ങര ദേവി, അരികുളങ്ങര ദേവി എന്നിവരെ വര്‍ണിച്ച ശേഷം ഇവരുടെ സാന്നിധ്യത്തില്‍ മൂത്തേടത്തുകാവ് ഭഗവതിയെ കുടിയിരുത്തുന്ന സമയത്ത് ആലപിക്കുന്ന കുടിയിരുത്തി പാട്ടാണ് തോറ്റ് പാട്ടായി ആലപിക്കുന്നത്. ക്ഷേത്രത്തിലെ പരമ്പരാഗത അവകാശികളായ തോട്ടായപള്ളി കുടുംബക്കാരായ വൈക്കം മൂത്തേടത്തുകാവ് പാലക്കാട് വീട്ടില്‍ മന്മദന്‍ നായരുടെ നേതൃത്വത്തില്‍ ജയകുമാര്‍, അനില്‍ കുമാര്‍ അരവിന്ദാക്ഷന്‍ നായര്‍, കൂടാതെ കുടുംബത്തിലെ മൂന്നു വിദ്യാര്‍ഥികളും തോറ്റം പാട്ടില്‍ പങ്കെടുത്തു. തോറ്റം പാട്ട് പാടുന്നതിനും പ്രത്യേകളുണ്ട്. ഇലത്താളം മാത്രമാണ് വാദ്യോപകരണമായി ഉപയോഗിക്കുന്നത്. വലതു കൈയിലെ താളം ഇരുമ്പും ഇടതു കൈയില്‍ ഓടുമായിരിക്കും എന്ന സവിശേഷതയുമുണ്ട്. മധുരാപുരിയില്‍ നിന്നും കരിങ്കല്‍ തോണിയില്‍ യാത്ര തിരിച്ച ദേവി തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തില്‍ എത്തി. മഹാദേവന്റെ നിര്‍ദേശപ്രകാരം വൈക്കം ക്ഷേത്രത്തിലെത്തിയ ദേവിയോട് മുക്കോണം എന്ന ദേശത്ത് വസിക്കുവാന്‍ വൈക്കത്തപ്പന്‍ അരുളിചെയ്തു. അതനുസരിച്ച് ദേവി എത്തിയ സ്ഥലമാണ് മൂത്തേടത്തുകാവ്. ഈ വര്‍ണനയാണ് തോറ്റംപാട്ടില്‍ പാടുന്നത്.