Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആചാരപെരുമയോടെ മൂത്തേടത്തുകാവ് ക്ഷേത്രത്തില്‍ നടതുറപ്പ് ഉത്സവം
17/07/2021
മൂത്തേടത്ത്കാവ് ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കിടകം ഒന്നിന് പുലര്‍ച്ചെ നടതുറന്നപ്പോള്‍ ശ്രീകോവിലിനു മുന്നില്‍ ദര്‍ശനം നടത്തുന്ന ഭക്തജനങ്ങള്‍.

വൈക്കം: കര്‍ക്കിടകം ഒന്നിന് നടതുറക്കുന്ന ആചാരപെരുമയോടെ മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ നിത്യപൂജകള്‍ തുടങ്ങി. മൂന്നു മാസക്കാലം നിത്യപൂജകള്‍ പോലും നടത്താതെ നടയടച്ചിടുന്ന ആചാരമാണ് മൂത്തേടത്തുകാവിലേത്. ശനിയാഴ്ച്ച പുലര്‍ച്ചെ നാലിന് തന്ത്രി മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി ഭഗവതിയുടെ സ്വര്‍ണാങ്കി ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചതോടെയാണ് നടതുറപ്പ് ഉത്സവത്തിന്റെ ചടങ്ങുകള്‍ തുങ്ങിയത്. വിഷു ദിവസം അര്‍ധരാത്രിയില്‍ അരിയേറിനുശേഷം നടയടക്കുന്ന ഇവിടെ മൂന്നു മാസത്തിനുശേഷം കര്‍ക്കിടകം ഒന്നിനാണ് നടതുറക്കുന്നത്. ഭഗവതിയുടെ സ്വര്‍ണാങ്കി ശ്രീകോവിലില്‍ കുടിയിരുത്തിയ ശേഷം പുലര്‍ച്ചെ അഞ്ചിന് ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി നട തുറന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചെത്തിയ ഭക്തജനങ്ങള്‍ ഭഗവതിയുടെ മംഗളരൂപം കണ്ടു കൈകൂപ്പി. കട്ടി മാലകളും പൂമാലകളും നിറദീപം കൊണ്ട് ശ്രീകോവില്‍ നട അലങ്കരിച്ചിരുന്നു. പുണ്യാഹം, അഭിഷേകം, മലര്‍ നിവേദ്യം, ഉഷ നേദ്യം, എതൃത്ത പൂജ എന്നിവയ്ക്കു ശേഷമാണ് നട തുറന്നത്. തുടര്‍ന്ന് തോറ്റം പാട്ട് , പന്തീരടി പൂജ, കളമെഴുത്ത് എന്നിവയും നടന്നു. വൈകിട്ട് അഞ്ചിന് ലക്ഷദീപം, വില്‍പാട്ട്, തെക്കുപുറത്ത് ഗുരുതി, തീയാട്ട് എന്നീ ചടങ്ങുകളും നടന്നു. മേല്‍ശാന്തി എ.വി ഗോവിന്ദന്‍ നമ്പൂതിരി, മുരിങ്ങൂര്‍ ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, ആനത്താനത്തില്ലത്ത് വാസുദേവന്‍ നമ്പൂതിരി, ഇണ്ടംതുരുത്തി നീലകണ്ഠന്‍ നമ്പൂതിരി, ആനത്താനില്ലത്തിന്റെ സെക്രട്ടറി എ.ജി.വാസുദേവന്‍ നമ്പൂതിരി എന്നിവരും കാര്‍മികരായി.