Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാമായണ മാസാചരണത്തിന് വൈക്കത്തെ ക്ഷേത്രങ്ങള്‍ ഒരുങ്ങി
16/07/2021
ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രം

വൈക്കം: വൈക്കത്തെ വിവിധ ക്ഷേത്രങ്ങളില്‍ രാമായണ മാസാചരണം ജൂലൈ 17ന്‌ ആരംഭിക്കും. കോവിഡ് മാനദണ്ഡം പാലിച്ചാണ് ചടങ്ങുകള്‍ നടത്തുന്നത്. ഓഗസ്റ്റ് 16നു സമാപിക്കും. കേരളത്തിലെ അപൂര്‍വ്വം ശ്രീരാമ ക്ഷേത്രങ്ങളില്‍ ഒന്നായ ടി.വി പുരത്തെ തിരുമണി വെങ്കിട പുരം ശ്രീ രാമസ്വാമി ക്ഷേത്രം കര്‍ക്കിടക മാസത്തെ വരവേല്‍കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഐതിഹ്യവും പാരമ്പര്യ വിശ്വാസവും ഒത്തുചേരുന്ന ക്ഷേത്രം ഏറെ പ്രസിദ്ധമാണ്. മൂന്നു വശവും വേമ്പനാട്ട് കായലാല്‍ ചുറ്റപ്പെട്ട ക്ഷേത്രത്തിന്റെ നിര്‍മാണ രീതികള്‍ അത്ഭുതാവഹമാണ്. പുരാതന കാലത്ത് ഊരാണ്മകാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു ക്ഷേത്രം. കര്‍ക്കിടക വാവു തോറും വന്‍ ജനാവലിയാണ് പിതൃ നമസ്‌കാരത്തിന് എത്തിച്ചേരുന്നത്. വേമ്പനാട്ട് കായലിന്റെ തീരത്ത് പിതൃബലിതര്‍പ്പണവും സ്നാനവും നടത്തുന്നതിന് എല്ലാവിധ സൗകര്യവും ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ രാമായണ മാസാചരണം ക്ഷേത്രോപദേശക സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തും. കര്‍ക്കിടക മാസം മുഴുവന്‍ ഭക്തരുടെ ജന്മ  നക്ഷത്രത്തില്‍ ഗണപതി ഹോമവും ഭഗവല്‍ സേവയും ഉണ്ടാകും. ഉദയനാപുരം പടിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസം അഷ്ടദ്രവ്യ ഗണപതി ഹോമം ഭഗവത് സേവ എന്നിവയോടെ ആഘോഷിക്കും.
വൈക്കം മഹാദേവ ക്ഷേത്രത്തിലെ രാമായണ മാസാചരണം ദേവസ്വം, ക്ഷേത്രോപദേശക സമിതി, ക്ഷേത്ര സംരക്ഷണ സമിതി എന്നിവരുടെ ആഭിമുഖ്യത്തില്‍ നടത്തും. വടശ്ശേരി കൃഷ്ണന്‍ നമ്പൂതിരി, വടശ്ശേരി നീലകണ്ഠന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ ഗണപതിഹോമം, ഭഗവത് സേവ കൂടാതെ രാമായണ പാരായണവും ഉണ്ടാകും. ഉദയനാപുരം ചാത്തന്‍കുടി ദേവിക്ഷേത്രത്തിലെ രാമായണ മാസാചാരണം തന്ത്രി മോനാട്ട്മന കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ഗണപതി ഹോമം, ഭഗവത് സേവ എന്നിവയോടെ നടക്കും. ഓഗസ്റ്റ് 29 മുതല്‍ സെപ്തംബര്‍ 9 വരെ പന്തിരായിരം പുഷ്പാജ്ഞലി, വലിയ ഭഗവത് സേവ എന്നിവയും ഉണ്ടാകും.
തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തില്‍ മേല്‍ശാന്തി സിബിന്‍ ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ രാമായണ മാസം ആചരിക്കും. ഗണപതി ഹോമം, ഭഗവത് സേവ, എന്നിവയും ഉണ്ടാകും. പുഴവായികുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ രാമായണ മാസാചരണം മേല്‍ശാന്തി ദിനില്‍ ഭട്ടതിരിപ്പാടിന്റെ  കാര്‍മികത്വത്തില്‍ നടക്കും. ഗണപതി ഹോമം,  ഭഗവത് സേവ, പാരായണം എന്നിവ ഉണ്ടാകും.
ഇടയാഴം വൈകുണ്ഠപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ രാമായണ മാസം പാരായണം, ഗണപതി ഹോമം, ഭഗവത് സേവ എന്നിവയോടെ ആചരിക്കും. കുടവെച്ചൂര്‍ ശാസ്തക്കുളം ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തോടനുബന്ധിച്ച് ഗണപതി ഹോമവും സേവയും ഉണ്ടാകും. കുടവെച്ചുര്‍ ഗോവിന്ദപുരം ക്ഷേത്രത്തിലെ രാമായണ മാസചാരണത്തിന്റെ ഭാഗമായി നിത്യേന പാരായണം ഗണപതി ഹോമം, ഭഗവത് സേവ എന്നിവ ഉണ്ടാകും.